കാസര്‍കോട്: വ്യാഴാഴ്ച രാവിലെ കുമ്പള, കൊടിയമ്മ, പൂക്കട്ടയില്‍ ഉണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ കൊടിയമ്മ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി റിസ്‌വാന(15)യ്ക്ക് നാടിന്റെ കണ്ണീര്‍ കുതിര്‍ന്ന യാത്രാമൊഴി. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം രാത്രി 10 മണിയോടെ ബംബ്രാണ ചൂരിത്തടുക്കയിലെ വീട്ടില്‍ എത്തിച്ച മൃതദേഹം അവസാനമായി ഒരു നോക്കു കാണാന്‍ നൂറുകണക്കിനു പേരാണ് തടിച്ചു കൂടിയത്. ചേതനയറ്റ് കിടക്കുന്ന റിസ്‌വാനയെ കണ്ട് സഹപാഠികളും കൂട്ടുകാരികളും കുടുംബാംഗങ്ങളും അയല്‍ക്കാരും വിങ്ങിപൊട്ടി. മൃതദേഹം രാത്രി 11 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ബംബ്രാണ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
റിസ്‌വാനയും കൂട്ടുകാരിയും സ്‌കൂട്ടറില്‍ ട്യൂഷനു പോകുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. കൂട്ടുകാരിക്കു നിസാരപരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിസ്‌വാനയെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.







