പയ്യന്നൂര്‍: മദ്യ ലഹരിയില്‍ ഓടിച്ച കാര്‍ ഓട്ടോയിലും ബൈക്കുകളിലും ഇടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ എന്‍ കബീറിന്റെ ഭാര്യ ഖദീജ (58)യാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ പയ്യന്നൂര്‍ ബസ് സ്റ്റാന്റിനു സമീപത്തെ തേജസ് വസ്ത്രാലയത്തിനടുത്താണ് അപകടം. പാസ്‌പോര്‍ട്ട് ഓഫീസ് ഭാഗത്തു നിന്നു ടൗണിലേയ്ക്ക് അമിത വേഗതയിലെത്തിയ കാര്‍ രണ്ട് ബൈക്കുകളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ടയര്‍ പൊട്ടുകയും ചെയ്തു.
പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ഓട്ടോയില്‍ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഖദീജ. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ശബ്ദം കേട്ട് സ്ഥലത്തുണ്ടായിരുന്ന ആള്‍ക്കാരും ഡ്രൈവര്‍മാരും ഓടിയെത്തി കാറില്‍ ഉണ്ടായിരുന്ന നീലേശ്വരം സ്വദേശികളായ അഭിരാഗ്, അഭിജിത്ത് എന്നിവരെ പിടികൂടി പൊലീസിനു കൈമാറി. മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ എം അനീഷി(38)നും യാത്രക്കാരായി മറ്റു രണ്ടുപേര്‍ക്കും പരിക്കേറ്റു. അപകടം സംബന്ധിച്ച് ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ കാര്‍ ഓടിച്ചിരുന്ന നീലേശ്വരത്തെ അഭിജിത്തിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.
ഖദീജയുടെ മക്കള്‍: സുനൈദ, സുഹ്‌റാബി, സുമയ്യ, മന്‍സൂര്‍, അക്ബര്‍. മരുമക്കള്‍: മുസ്തഫ, അബ്ദുല്‍ ഖാദര്‍, ഹാഷിം, ആയിഷ.







