കാസര്‍കോട്: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ യുവാവിനെ ആശുപത്രിയില്‍ എത്തിയും ആക്രമിച്ചതായി പരാതി. അക്രമത്തിനിടയില്‍ സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീണു. സംഭവത്തില്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. വിദ്യാനഗറിനു സമീപത്തെ ശിഹാബിനാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കാഷ്വാലിറ്റി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സ്നേഹ പരിശോധിച്ചു കൊണ്ടിരിക്കെ നേരത്തെ അക്രമിച്ച മുഹമ്മദ് ഷാനിദ് എന്ന ആളുടെ നേതൃത്വത്തിലെത്തിയ സംഘം സ്റ്റൂളില്‍ ഇരിക്കുകയായിരുന്ന ശിഹാബിന്റെ മുതുകിലേക്ക് ചവിട്ടുകയായിരുന്നുവത്രെ. ചവിട്ടേറ്റ ശിഹാബ് തെറിച്ചു വീണു. അപ്പോള്‍ ഇയാള്‍ ഇരുന്നിരുന്ന സ്റ്റൂള്‍ ഡോക്ടറുടെ കാലില്‍ വീഴുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ ബഹളമായി. അതിനിടെ അക്രമം നടത്തിയവര്‍ രക്ഷപ്പെട്ടു. ആശുപത്രിയില്‍ കയറി നടത്തിയ അക്രമത്തില്‍ ഡോക്ടര്‍മാരും ജീവനക്കാരും പ്രതിഷേധിച്ചു. മതിയായ സുരക്ഷ ഇല്ലാത്തതാണ് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ അക്രമിക്കപ്പെടുന്നത് പതിവായതെന്നു ഡോക്ടര്‍മാര്‍ ആരോപിച്ചു.







