ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: നടന്‍ ദുല്‍ഖറടക്കം 3 പേര്‍ക്ക് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തില്‍ അരി ബ്രാന്റ് ഉടമയ്ക്കും, കമ്പനിയുടെ ബ്രാന്‍ഡ് അബാസഡറായ ദുല്‍ഖര്‍ സല്‍മാനും നോട്ടീസ് അയച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നടന്‍ ദുല്‍ഖര്‍ സല്‍മാനോടും റോസ് ബ്രാന്‍ഡ് ബിരിയാണി അരി കമ്പനി ഉടമയോടും ഡിസംബര്‍ മൂന്നിന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. പത്തനംതിട്ട സ്വദേശിയായ പിഎന്‍ ജയരാജന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍. ഒരു വിവാഹ ചടങ്ങില്‍ ഈ അരി വെച്ച് ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ ബിരിയാണി കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം. അരിച്ചാക്കില്‍ പാക്ക് ചെയ്ത ഡേറ്റും എക്സ്പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നും പരാതിയില്‍ ആരോപിച്ചു. അരി വിറ്റ മലബാര്‍ ബിരിയാണി ആന്റ് സ്‌പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുണ്ട്. എന്നാല്‍ ബ്രാന്‍ഡ് അംബാസഡറായ ദുല്‍ഖര്‍ സല്‍മാനെ മുഖ്യപ്രതിയാക്കിയാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്.
ഈ സംഭവം തന്റെ കാറ്ററിംഗ് ബിസിനസിന്റെ വിശ്വാസ്യതയെ തകര്‍ത്തുവെന്നും ഇത് നിരവധി വിവാഹ ബുക്കിംഗുകള്‍ റദ്ദാക്കാന്‍ കാരണമായെന്നും അദ്ദേഹം ആരോപിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ പരസ്യം കണ്ട് സ്വാധീനിക്കപ്പെട്ടാണ് താന്‍ ഈ അരി വാങ്ങിയതെന്നാണ് പരാതിക്കാരന്‍ പറയുന്നത്.
പ്രതികളില്‍നിന്ന് 10,250 രൂപ, അരിയുടെ വില, കോടതി ചെലവുകള്‍ എന്നിവയ്ക്ക് പുറമേ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page