കാസര്‍കോട്: കുമ്പള, പെര്‍വാഡ് ദേശീയ പാതയില്‍ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ജീവന്‍ പൊലിഞ്ഞ ആരിക്കാടിയിലെ ബിജെപി പ്രവര്‍ത്തകന്‍ ഹരീഷ് കുമാറിന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുണ്ടങ്കേരടുക്ക ശ്മശാനത്തില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ആരിക്കാടിയിലെ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനായി നൂറുകണക്കിനു പേര്‍ എത്തിയിരുന്നു.
തിങ്കളാഴ്ച രാത്രി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടയില്‍ എതിരെ വരികയായിരുന്ന കാറിടിച്ചാണ് ഹരീഷ് കുമാറിന് പരിക്കേറ്റത്. കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയില്‍ മരണം സംഭവിച്ചു.
ചികിത്സയിലെ പിഴവാണ് മരണത്തിനു ഇടയാക്കിയതെന്നു ബിജെപി ആരോപിക്കുകയും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ആന്തരിക രക്തസ്രാവവും പരിക്കുകളുമാണ് മരണകാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.







