കാസര്‍കോട്: റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥനെ അടിച്ചും കടിച്ചും പരിക്കേല്‍പ്പിച്ച ഉപ്പള റെയില്‍വെ ഗേറ്റ് കീപ്പര്‍ കണ്ണൂര്‍, മമ്പറത്തെ ധനേഷ് (42) അറസ്റ്റില്‍. കണ്ണൂര്‍ റെയില്‍വെ പൊലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച രാത്രി 11.45 മണിയോടെ ആര്‍ പി എഫ് ഉദ്യോഗസ്ഥനായ എടപ്പാള്‍, വട്ടക്കുളം സ്വദേശി പി ശശിധരന്‍ (53) ആക്രമിക്കപ്പെട്ട കേസിലാണ് അറസ്റ്റ്.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ് ഫോമില്‍ ജോലി ചെയ്തുവരികയായിരുന്നു ശശിധരന്‍. ഇതിനിടയിലാണ് പ്ലാറ്റ് ഫോമില്‍ ധനേഷിനെ അലസമായി കിടന്നുറങ്ങുന്നത് കണ്ടത്. തുടര്‍ന്ന് വിളിച്ചുണര്‍ത്തി. ഇതിന്റെ വിരോധത്തില്‍ ലേഡീസ് റസ്റ്റ് റൂമിനു മുന്‍വശം വച്ച് അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും യൂണിഫോമിന്റെ കോളറില്‍ പിടിച്ച് അടിച്ചും കടിച്ചും പരിക്കേല്‍പ്പിക്കുകയും 15,000 രൂപ വിലവരുന്ന ബോഡി വോണ്‍ ക്യാമറ നശിപ്പിക്കുകയും ചെയ്ത് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമത്തിനു ഇരയായ ശശിധരനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







