കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ പെര്‍വാഡില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകന്‍ ആശുപത്രിയില്‍ മരിച്ചു. ആരിക്കാടി, പാറസ്ഥാനത്തെ കൃഷ്ണ വെളിച്ചപ്പാടന്റെ മകന്‍ എന്‍ ഹരീഷ് കുമാര്‍ (37) ആണ് മരിച്ചത്. കാര്‍ യാത്രക്കാരായ സത്രീയെയും കൂടെ ഉണ്ടായിരുന്ന ആളെയും പരിക്കേറ്റ നിലയില്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിയില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായി തകരുകയും കാര്‍ തലകീഴായി മറിയുകയും ചെയ്തു. പരിക്കേറ്റ ഹരീഷ് കുമാര്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

മതിയായ ചികിത്സ നല്‍കാത്തതാണ് ഹരിഷ്‌കുമാറിന്റെ മരണത്തിനു ഇടയാക്കിയതെന്നു ആരോപിച്ച് ആശുപത്രിക്കു മുന്നില്‍ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചു. പ്രശ്‌നത്തിനു പരിഹാരം കാണാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധക്കാര്‍ പറയുന്നു. പ്രതിഷേധത്തിനു ബി ജെ പി നേതാക്കളായ സുരേഷ് കുമാര്‍ ഷെട്ടി, വിജയകുമാര്‍, മുരളീധരയാദവ്, പ്രേമലത, സുധാകര്‍ കാമത്ത്, രമേശ് ഭട്ട്, സുജിത്ത് റൈ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തേയ്ക്കുമെന്ന സൂചനകളെ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദന്‍, എസ് ഐ കെ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടത്തിയിട്ടുണ്ട്.
രത്‌നാവതിയാണ് ഹരീഷ് കുമാറിന്റെ മാതാവ്. രാജേഷ്, രവി സഹോദരങ്ങളാണ്.







