കാസര്‍കോട്: കാസര്‍കോട്- മംഗ്‌ളൂരു ദേശീയപാതയിലെ പെര്‍വാഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആരിക്കാടി, പാറസ്ഥാനത്തെ ബി ജെ പി പ്രവര്‍ത്തകന്‍ എന്‍ ഹരീഷ് കുമാറി(37)ന്റെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കുമ്പള പൊലീസ് അധികൃതര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ഹരീഷ് കുമാര്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യഥാസമയം മതിയായ ചികിത്സ ലഭിക്കാത്തതാണ് മരണത്തിനു ഇടയാക്കിയതെന്നു ആരോപിച്ച് ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിക്കു മുന്നില്‍ ചൊവ്വാഴ്ച്ച രാവിലെ പ്രതിഷേധ സമരം നടത്തിയിരുന്നു. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വന്‍ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. വിവരമറിഞ്ഞ് ബി ജെ പി ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനി ബി ജെ പി നേതാക്കളുമായും ആശുപത്രി അധികൃതരുമായി ചര്‍ച്ച നടത്തി. ചികിത്സാ രേഖകള്‍ കൈമാറാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്നു ബി ജെ പി നേതാക്കള്‍ പറഞ്ഞു.







