കാസര്‍കോട്: ഉപ്പള, റെയില്‍വേ ഗേറ്റില്‍ പാളത്തിന് സമീപം യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. പോസ്റ്റുമോര്‍ട്ടം ചെയ്ത സര്‍ജന്‍ ഡോ. രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം മംഗളൂരുവിലെ നൗഫലിന്റെ(35) മൃതദേഹം കണ്ടെത്തിയ സ്ഥലം സന്ദര്‍ശിച്ചു. യുവാവിന്റെ മരണം കൊലപാതകമെന്ന സംശയം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ജന്‍ സ്ഥലം കാണണമെന്ന് പൊലീസിനെ അറിയിച്ചത്. സര്‍ജനൊപ്പം മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ അനൂബ് കുമാര്‍, ഫൊറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവരും സ്ഥലത്തെത്തി. മൂന്നുകൊലക്കേസടക്കം 23 കേസുകളില്‍ പ്രതിയാണ് നൗഫല്‍. ശനിയാഴ്ച രാവിലെയാണ് നൗഫലിന്റെ മൃതദേഹം ഉപ്പള ഗേറ്റിനു സമീപത്തു റെയില്‍വെ ട്രാക്കില്‍ കാണപ്പെട്ടത്. ഷര്‍ട്ട് അഴിച്ചുമാറ്റിയ നിലയിലും കഴുത്തിലും തലയിലും മുറിവേറ്റ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. പാന്റിന്റെ കീശയില്‍ സിറിഞ്ചും വാഹനത്തിന്റെ താക്കോലുമുണ്ടായിരുന്നു.മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.







