ദേശീയപാത ഉദ്ഘാടനം ജനുവരിയില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ദേശീയ പാത നിര്‍മ്മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി, മന്ത്രി നദ്ദ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനു ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നിവേദനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ദേശീയ പാതയുടെ 16 റീച്ചുകളുടെയും കരാറുകാരെ ഉടന്‍ ഡല്‍ഹിക്കു വിളിപ്പച്ച് നിര്‍മ്മാണ പുരോഗതി അവലോകനം ചെയ്യും. നിര്‍മ്മാണം പൂര്‍ത്തിയാവുന്ന റീച്ചുകളുടെ ഉദ്ഘാടനം ജനുവരിയില്‍ നിര്‍വഹിക്കുമെന്നു കേരള സംഘത്തെ കേന്ദ്രമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി, ധനകാര്യമന്ത്രി, ഉപരിതല ഗതാഗത വകുപ്പു മന്ത്രി തുടങ്ങി അഞ്ചു കേന്ദ്രമന്ത്രിമാരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചംഗ മന്ത്രിസംഘം സന്ദര്‍ശിച്ചു. കേരളത്തിലെ സാമ്പത്തിക സ്ഥിതിഗതികളും ആവശ്യങ്ങളും അറിയിച്ചതായും അവയോടു എല്ലാവരും അനുകൂല സമീപനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത, കേന്ദ്രസഹായം തുടങ്ങിയവയാണ് പ്രധാനമന്ത്രിയോട് ചര്‍ച്ച ചെയ്തത്. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടി മാറ്റണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. എയിംസ് കോഴിക്കോട് കിനാലൂരില്‍ സ്ഥാപിക്കണം, കേരളത്തില്‍ സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്റ് ആര്‍ക്കിടെക്ചര്‍ സ്ഥാപിക്കണം. നെല്ലുസംഭരണത്തിലെ സാങ്കേതിക പൊരുത്തക്കേടുകളെ തുടര്‍ന്നു തടഞ്ഞു വച്ചിട്ടുള്ള 221.52 കോടി രൂപയും ഗതാഗത സര്‍ചാര്‍ജുകളുമായി ബന്ധപ്പെട്ട 257.41 കോടി രൂപയും നല്‍കണം. കേരളം നേരിടുന്ന സാമ്പത്തിക ദാരിദ്ര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ടു കേന്ദ്ര ധനകാര്യ മന്ത്രിക്കും നിവേദനം നല്‍കി. ബജറ്റില്‍ നിന്നല്ലാതെ കിഫ്ബിയില്‍ നിന്നു കടമെടുത്ത 4711 കോടി രൂപയുടെ വെട്ടിക്കുറക്കല്‍ അടുത്ത ധനകാര്യ കമ്മീഷന്‍ കാലയളവിലേക്കു മാറ്റി വയ്ക്കുക, 6000 കോടി രൂപ ദേശീയ പാതക്കു സ്ഥലമെടുപ്പിനു സംസ്ഥാനത്തിന്റെ വിഹിതമായി നല്‍കാന്‍ ഇത്രയും തുക കടമെടുക്കാന്‍ അനുവദിക്കുക, മൂലധനച്ചെലവു നിലനിറുത്താന്‍ ഇതിനു പുറമെ 6650 കോടി രൂപ അധിക കടമെടുപ്പിനു അവസരം നല്‍കുക, ദേശീയ പാത വികസനത്തിനു സ്ഥലമേര്‍പ്പെടുത്തുന്നതിന് 237 കോടി രൂപ കുടിശ്ശികയായത് എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാനത്തു തീരദേശ സുരക്ഷ വര്‍ധിപ്പിക്കുന്നതിനു കേന്ദ്ര റിസര്‍വ് ബറ്റാലിയന്റെ പ്രത്യേക യൂണിറ്റ് കേരളത്തിന് അനുവദിക്കുമെന്നു കേന്ദ്രമന്ത്രി അമിത് ഷാ ഉറപ്പു നല്‍കി. ഫോറന്‍സിക് സയന്‍സ് സര്‍വ്വകലാശാലയുടെ പ്രാദേശിക കാമ്പസ് കേരളത്തില്‍ അനുവദിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനുള്ള അടിസ്ഥാന സൗകര്യം ഉറപ്പാക്കാന്‍ 108 കോടി രൂപ അനുവദിക്കും. കണ്ണൂര്‍-വയനാട് ജില്ലകള്‍ക്കു സുരക്ഷാ-അനുബന്ധ ചെലവു നല്‍കുമെന്നു കേന്ദ്രമന്ത്രി അമിത്ഷാ മുഖ്യമന്ത്രിക്കു ഉറപ്പു നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page