കാസര്‍കോട്: മടക്കരയില്‍ മീന്‍ പിടുത്ത ബോട്ടും പൂഴി വാരുന്ന തോണിയും കൂട്ടിയിടിച്ച് പൂഴി തൊഴിലാളിയെ കാണാതായ സംഭവത്തില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ചെറുവത്തൂര്‍ അച്ചാംതുരുത്തി ഏരിഞ്ഞിക്കീലിലെ ശ്രീധരനെ (50)യാണ് കാണാതായത്. കോസ്റ്റല്‍ പൊലീസും ഫിഷറീസും ഫയര്‍ഫോഴ്‌സും സംയുക്തമായാണ് മടക്കരയില്‍ തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനായി കാസര്‍കോട് ജില്ലാ സ്‌കൂബാ ടീം സംഭവസ്ഥലത്തെത്തി. തൃക്കരിപ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെയും കാഞ്ഞങ്ങാട്ട് സ്റ്റേഷനിലെ ആദര്‍ശ് അശോകന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. വ്യാഴാഴ്ച രാവിലെ 7.45 മണിയോടെ യായിരുന്നു അപകടം. മടക്കര ഹാര്‍ബറിന് സമീപം അഴീമുഖത്ത് മീന്‍പിടുത്ത ബോട്ടും പൂഴി വാരലില്‍ ഏര്‍പ്പെട്ട തോണിയും കൂട്ടിയിടിച്ചാണ് അപകടം. ഒപ്പം തോണിയിലുണ്ടായിരുന്ന ബാലകൃഷ്ണനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
