കാസര്‍കോട്: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരന്റെ ഒടിഞ്ഞ കയ്യിലെ സ്റ്റീല്‍ വള മുറിച്ചുമാറ്റുന്നതിന് ഒടുവില്‍ രക്ഷയായത് ഫയര്‍ഫോഴ്‌സ്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് ബൈക്ക് യാത്രക്കാരന്‍ മൊഗ്രാല്‍ സ്വദേശി ഗണേഷി(38)ന് അപകടത്തില്‍ കൈക്ക് പരിക്കേറ്റത്. കാസര്‍കോട്ടേക്ക് വരികയായിരുന്നു ബൈക്കും ചൗക്കിയില്‍ നിന്ന് മൊഗ്രാലിലേക്ക് പോവുകയായിരുന്ന ഓട്ടോയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് വീണ ഗണേഷിന്റെ വലതു കൈക്ക് പരിക്കുപറ്റിയിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതോടെ ഡോക്ട്ടര്‍ എക്‌സറേ എടുക്കാന്‍ നിര്‍ദ്ദേശിച്ചു. എക്‌സറേ എടുത്തപ്പോള്‍ വലതു കൈത്തണ്ട ഒടിഞ്ഞതായി വ്യക്തമായി. ഒടിഞ്ഞ കൈക്ക് പ്ലാസ്റ്റര്‍ ഇടാന്‍ വേണ്ടി നോക്കിയപ്പോള്‍ കയ്യില്‍ കട്ടിയുള്ള സ്റ്റീല്‍ വളയുള്ളതിനാല്‍ സാധ്യമായില്ല. തുടര്‍ന്ന് വള മുറിച്ചുമാറ്റാന്‍ ഫയര്‍ഫോഴ്‌സിനെ സമീപിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍മാരായ എം. രമേശ എം.എ. വൈശാഖ്, കെ വിജിതിന്‍ കൃഷ്ണന്‍, വി.ജി വിജിത്ത് നാഥ് എന്നിവര്‍ ചേര്‍ന്ന് കട്ടിയുള്ള സ്റ്റീല്‍ വള ഷിയേഴ്‌സ് ഉപയോഗിച്ച് മുറിച്ചു നീക്കി. ഉടനെ തന്നെ വീണ്ടു ആശുപത്രിയില്‍ എത്തിച്ച് കൈയ്ക്ക് പ്ലാസ്റ്റര്‍ ഇട്ടു. ഇതുപോലെ കുടുങ്ങിപ്പോയ മോതിരങ്ങള്‍, വളകള്‍, മുറിച്ച് മാറ്റുന്നതിന് ഫയര്‍ഫോഴ്‌സിനെയാണ് ആളുകള്‍ സമീപിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
