കാഠ്മണ്ഡു: ജെന്‍ സി പ്രക്ഷോഭം ആളിപ്പടരുന്നതിനിടെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജിവെച്ചു. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ കത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ രാജി. കെപി ശര്‍മ ഒലി രാജ്യം വിട്ടേക്കുമെന്നും സൂചനയുണ്ട്. സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്തിയതോടെ തിങ്കളാഴ്ച നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങളില്‍ 19 പേര്‍ കൊല്ലപ്പെടുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തലസ്ഥാന നഗരമായ കഠ്മണ്ടുവില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. രാത്രിയോടെ നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചിരുന്നു. സമൂഹ മാധ്യമ നിരോധനം പിന്‍വലിച്ചിട്ടും പ്രക്ഷോഭകര്‍ അക്രമം അവസാനിപ്പിച്ചില്ല. പ്രധാനമന്ത്രി ശര്‍മ ഒലിയുടെ വീട് കത്തിച്ചു. മുന്‍ പ്രധാനമന്ത്രി പ്രചണ്ഡയുടെ അടക്കം നിരവധി ഉന്നതരുടെ വീടുകള്‍ കത്തിച്ചു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കു നേരെയും ആക്രമണവും നടന്നു. സംഘര്‍ഷം ആളിപ്പടര്‍ന്നതോടെ നേപ്പാള്‍ കാഠ്മണ്ഡു വിമാനത്താവളം അടച്ചു. എന്നാല്‍ പ്രധാനമന്ത്രി രാജി വയ്ക്കും വരെ പിന്നോട്ടില്ലെന്ന പ്രക്ഷോഭകരുടെ നിലപാടിന് മുന്നില്‍ ഒടുവില്‍ കെ.പി ശര്‍മ ഒലി മുട്ടുമടക്കി. അതിനിടെ കലാപത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. ഈ സമിതിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.







