ലഖ്നൗ: ഏഴ് വര്‍ഷത്തോളമായി കാണാതായ ഭര്‍ത്താവിനെ ഭാര്യ മറ്റൊരു സ്ത്രീയുമൊപ്പം കണ്ടെത്തി. ഇന്‍സ്റ്റാഗ്രാം റീലില്‍ ഭര്‍ത്താവിനെ കണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഹര്‍ദോയിലാണ് സംഭവം. ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ 2018-ലാണ് കാണാതായത്. 2017-ല്‍ ഷീലു എന്ന യുവതിയുമായി ജിതേന്ദ്ര വര്‍മയുടെ വിവാഹം നടന്നിരുന്നു. എന്നാല്‍ വിവാഹംകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.
സ്ത്രീധനം, സ്വര്‍ണ്ണ മാല, മോതിരം എന്നിവയ്ക്കായി ഷീലുവിനെ പീഡിപ്പിച്ചതായും ആവശ്യങ്ങള്‍ നിറവേറ്റാത്തപ്പോള്‍ തന്നെ വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ജിതേന്ദ്ര കുമാറിനെ കാണാതായി. തുടര്‍ന്ന്
ജിതേന്ദ്രയുടെ പിതാവ് മകനെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തിരുന്നു. പൊലീസ് വിപുലമായ തിരച്ചില്‍ ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. അതിനിടെ ജിതേന്ദ്രയുടെ കുടുംബം ഷീലുവിനും ബന്ധുക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷീലുവും ബന്ധുക്കളും ജിതേന്ദ്രയെ കൊലപ്പെടുത്തി മൃതദേഹം നശിപ്പിച്ചെന്ന ആരോപണങ്ങളും ഉന്നയിച്ചു. ഭര്‍ത്താവ് എവിടെയാണെന്ന് അറിയാതെ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ വര്‍ഷങ്ങളോളം ഷീലു ജീവിച്ചു. ഒടുവില്‍, ഏഴ് വര്‍ഷത്തിന് ശേഷം, ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിരിക്കുന്നതായി കാണിക്കുന്ന ഒരു ഇന്‍സ്റ്റാഗ്രാം റീല്‍ അവള്‍ കാണാനിടയായി. അത് ജിതേന്ദ്ര തന്നെയാണ് ഇതെന്ന് ഉറപ്പ് വരുത്തിയ ഷീലു ഉടന്‍ വിഷയം സന്ദില പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലുധിയാനയിലേക്ക് താമസം മാറിയതായി കണ്ടെത്തി. അവിടെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് പുതിയൊരു ജീവിതം ആരംഭിച്ചതായി തിരിച്ചറിഞ്ഞു. പൊലീസ് ലുധിയാനയിലെത്തി യുവാവിനെ അറസ്റ്റുചെയ്തു. ബഹുഭാര്യത്വം, വഞ്ചന, സ്ത്രീധന പീഡനം എന്നിവയുമായി ബന്ധപ്പെട്ട നിയമ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും പൊലീസ് അറിയിച്ചു.
