അമീബിക് മസ്തിഷ്കജ്വരം; സംസ്ഥാനത്ത് രണ്ട് പേർ കൂടി മരിച്ചു, ആറു പേർ ചികിത്സയിൽ

കോഴിക്കോട്: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് സംസ്ഥാനത്ത് 2പേർ കൂടി മരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്കയുമാണ് മരിച്ചത്. ഞായറാഴ്ചയാണ് രണ്ടു പേരും മരിച്ചത്. മലപ്പുറം കാപ്പിൽ സ്വദേശിയായ 52 വയസുകാരിയാണ് ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. മെഡിക്കൽ കോളേജിലേക്ക് അഞ്ചാം തീയതിയാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഞായറാഴ്ച തന്നെ സംസ്കരിച്ചിരുന്നു. ഇവർക്ക് രോഗം ബാധിച്ചത് വീടിന് സമീപത്തെ കുളത്തിൽ നിന്നാണെന്ന് അധികൃതർ അറിയിച്ചു. മക്കൾ: മുഹമ്മദ് റാഷിദ്, മൂഹമ്മദ് യാസർ, റൈഹാനത്ത്. മരുമക്കൾ: അനീസുന്നിസ, ജസീല, മുഹമ്മദ് അനീസ്. അതേസമയം മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. കുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ സംസ്കരിക്കും. വീട്ടിലെ കിണർ വെള്ളമാണ് രോഗകാരണമായ ജലസ്രോതസെന്ന് അധികൃതർ പറയുന്നു. അതേസമയം, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം തുടരുകയാണ്. ആറു പേർ ചികിത്സയിലുണ്ട്. മലപ്പുറം പുല്ലിപ്പറമ്പ സ്വദേശിയായ 49-കാരൻ, കോഴിക്കോട് അന്നശ്ശേരി സ്വദേശിയായ 38-കാരൻ, മലപ്പുറം ചേലമ്പ്ര സ്വദേശിയായ 47-കാരൻ, വയനാട് ബത്തേരി സ്വദേശിയായ 45-കാരൻ പന്തീരാങ്കാവ് സ്വദേശിയായ 43 കാരി എന്നിവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page