50 കാരനെ മര്‍ദ്ദിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് 17 കാരി; പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: 50 കാരനെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. 17കാരി നല്‍കിയ ക്വട്ടേഷന്‍ പ്രകാരമാണ് മധ്യവയസ്‌കനെ മൂന്നംഗ സംഘം മര്‍ദിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയടക്കം നാലുപേര്‍ കസ്റ്റഡിയിലായി. പിറകെ നടന്ന് ശല്യം ചെയ്തതിനാണ് പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഴീക്കോട് സ്വദേശി റഹീമാ(50)ണ് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്നത്. പെണ്‍കുട്ടി നല്‍കിയ ക്വട്ടേഷന്‍ പ്രകാരം ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം റഹീമിനെ ജഡ്ജിക്കുന്നില്‍ വെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. റഹീമിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടി. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന വ്യക്തിയാണ് റഹീം. ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും റഹീമും പരിചയമുണ്ട്. തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യുന്നത് പതിവാണെന്നും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പിറകെ നടക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും ശല്യം ചെയ്യുന്നത് തുടര്‍ന്നുവെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. ഇതോടെ ഇക്കാര്യം ബന്ധുവിനോട് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് റഹീമിനെ ജഡ്ജിക്കുന്നിലേക്ക് പെണ്‍കുട്ടി വിളിച്ചുവരുത്തി. അവിടെ വെച്ചും പെണ്‍കുട്ടിയുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മൂന്നംഗ സംഘം റഹീമിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. നാട്ടുകാരാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റു മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page