കാസര്‍കോട്: ട്രെയിന്‍ തട്ടി പരിക്കേറ്റ യുവാവിന് കൃത്യസമയത്ത് ചികിത്സ നല്‍കി കാസര്‍കോട് റെയില്‍വേ പൊലീസ് ജീവന്‍ രക്ഷിച്ചു. തിങ്കളാഴ്ച രാത്രി ചെറുവത്തൂരില്‍ മലബാര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടി കാഞ്ഞങ്ങാട് മുക്കൂട് സ്വദേശി അബ്ദുള്‍ ജാബിറിന് പരിക്കേറ്റിരുന്നു. വിവരം അറിഞ്ഞ് കാസര്‍കോട് റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ എം രജികുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ എംവി പ്രകാശന്‍, സിപിഒ റിനീത്, ഇന്റലിജന്‍സ് സിപിഒ ജ്യോതിഷ് ജോസ് എന്നിവരും, റെയില്‍വേ പൊലീസ് ജനമൈത്രി അംഗം എംപി മനോജ് കുമാറും സ്ഥലത്തെത്തുകയും പരിക്കേറ്റയാളെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ചികിത്സ നല്‍കുകയും ചെയ്തതു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ അപകടത്തില്‍ പെട്ട വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ സഹായിച്ചു. ഗുരുതര പരിക്ക് പറ്റിയ ജാബിറില്‍ നിന്ന് മൊഴി രേഖപ്പെടുത്താന്‍ പ്രയാസപ്പെട്ട പൊലീസ് യുവാവിന്റെ ബന്ധുക്കളെ കണ്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. സോഷ്യല്‍ മീഡിയ വഴി യുവാവിന്റെ ഫോട്ടോയും മറ്റു വിവരങ്ങളും ഷെയര്‍ ചെയ്യപ്പെട്ടതോടെ ജാബിറിന്റെ കുടുംബത്തെ കണ്ടെത്താന്‍ പൊലീസിന് അതിവേഗം സാധിച്ചു. ഒരു മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ തിങ്കളാഴ്ച രാത്രി കാസര്‍കോട് റെയില്‍വെ പൊലീസ് നടത്തിയ പ്രവര്‍ത്തനങ്ങളും അതിന് ഓരോ പ്രദേശത്തെയും സോഷ്യല്‍ മീഡിയ നല്‍കിയ സഹായത്തെയും പിന്തുണയയെും നാട്ടുകാര്‍ പ്രശംസിച്ചു.

Congratulations…….