1.90 കോടി രൂപ തട്ടിയെടുത്തു; നടന്‍ നിവിന്‍ പോളിക്കും സംവിധായകനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

കോട്ടയം: 1.90 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിക്കും സംവിധായകന്‍ എബ്രിഡ് ഷൈനിനും എതിരെ വഞ്ചനാ കുറ്റത്തിന് കേസ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി ഷംനാസിന്റെ പരാതിയിലാണ് കേസ്. തലയോലപ്പറമ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. നിവിന് പോളിയെ ഒന്നാം പ്രതിയും എബ്രിഡ് ഷൈനിനെ രണ്ടാം പ്രതിയും ആക്കിയാണ് എഫ്‌ഐആര്‍. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. നിവിന്‍ പോളി നായകനായി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു പരാതിക്കാരന്‍. സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 95 ലക്ഷം രൂപയോളം തനിക്ക് കിട്ടാനുണ്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കൂടാതെ എബ്രിഡ് ഷൈന്‍- നിവിന്‍ പോളി കൂട്ടുകെട്ടില്‍ വരാനിരിക്കുന്ന ചിത്രം ആക്ഷന്‍ ഹീറോ ബിജു 2 ല്‍ തന്നെ നിര്‍മ്മാണ പങ്കാളി ആക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും അതിനുവേണ്ടി 1.90 കോടി രൂപ വീണ്ടും കൈപ്പറ്റിയെന്നും ഷംനാസിന്റെ പരാതിയില്‍ പറയുന്നു. ഷംനാസിന്റെ നിര്‍മ്മാണ കമ്പനിയുമായുള്ള കരാര്‍ മറച്ചുവെച്ചുകൊണ്ട് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം വിറ്റുവെന്നും അങ്ങനെ 1.90 കോടി രൂപയുടെ നഷ്ടം തനിക്ക് ഉണ്ടായിയെന്നും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പരാതി. കോടതിയുടെ നിര്‍ദേശപ്രകാരമാണ് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page