കോഴിക്കോട്: കൂടരഞ്ഞിയിൽ 39 വർഷങ്ങൾക്ക് മുൻപ് കൊലപാതകം നടത്തിയെന്ന മുഹമ്മദലിയുടെ വെളിപ്പെടുത്തലിൽ സത്യാവസ്ഥ കണ്ടെത്താൻ നിർണായക നീക്കവുമായി പൊലീസ്. മുഹമ്മദലി നൽകിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കി. രേഖാചിത്രത്തിനു മരിച്ചയാളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് മുഹമ്മദലി പറയുന്നത്. ഒപ്പം കൊല്ലപ്പെട്ടയാൾ ജോലി ചെയ്തിരുന്ന തോട്ടത്തിന്റെ ഉടമയും രേഖാചിത്രത്തിനു മരിച്ചയാളുമായി സാമ്യമുണ്ടെന്ന് പൊലീസിനോട് വ്യക്തമാക്കി. 1986ൽ കോഴിക്കോട് കുടരഞ്ഞിയിലെ മിഷൻ ആശുപത്രിക്കു പിൻവശത്തെ തോട്ടിൽ 14 വയസ്സുള്ള തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ കൊലപ്പെടുത്തിയെന്നാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 39 വർഷങ്ങൾക്കു മുൻപ് ഇവിടെ നിന്നും 20 വയസ്സു പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി തിരിച്ചറിഞ്ഞു. എന്നാൽ മരിച്ചയാളെ സംബന്ധിച്ച അന്നും ഇന്നും വ്യക്തതയില്ല. എന്നാൽ മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ കള്ളമാണെന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഒ.പി. തോമസിന്റെ വാദവും അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്. അപസ്മാരത്തെ തുടർന്നായിരുന്നു ഇയാൾ മരിച്ചതെന്നും 14 വയസ്സുകാരന് കൊലപ്പെടുത്താൻ കഴിയുന്ന ആരോഗ്യസ്ഥിതിയുള്ള ആളായിരുന്നില്ല മരിച്ചതെന്നും തോമസ് ചൂണ്ടിക്കാട്ടുന്നു.
ആദ്യ വെളിപ്പെടുത്തലിൽ തിരുവമ്പാടി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇയാൾ വീണ്ടും ഒരാളെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ടത്. കോഴിക്കോട് കടപ്പുറത്ത് വച്ച് തന്റെ കയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച ഒരാളെ സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നു എന്നായിരുന്നു ഇത്. ആദ്യ കൊലപാതകത്തിനു 3 വർഷങ്ങൾക്കു ശേഷമായിരുന്നു ഇതെന്നും വെളിപ്പെടുത്തിയിരുന്നു. ഈ കേസിലും മരിച്ചതാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല.
