പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ മരണം. പനി ബാധിച്ചു മരിച്ച പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂർ സ്വദേശിയായ 58 വയസ്സുകാരന് നിപ സ്ഥിരീകരിച്ചു. മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത രോഗി കടുത്ത ശ്വാസതടസ്സത്തോടെ വെള്ളിയാഴ്ച വൈകുന്നേരമാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. നിപ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിലാണ് ചികിത്സിച്ചത്. ശനിയാഴ്ച വൈകിട്ട് 5ന് മരിച്ചു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. വിശദ പരിശോധനയ്ക്കായി സാമ്പിൾ പുണെയിലെ വൈറോളജി ലാബിലേക്ക് അയച്ചു. മൃതദേഹം പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മരണപ്പെട്ടയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നതെന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനും നിരീക്ഷണത്തിലാക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. നേരത്തേ മലപ്പുറം മങ്കട സ്വദേശിയായ 18 വയസ്സുകാരിക്കും മരണത്തിനു ശേഷം നിപ സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 497 പേരാണ് നിലവിൽ നിപ സമ്പർക്കപട്ടികയിലുള്ളത്.
