പാലക്കാട്: പൊൽപ്പുള്ളി അത്തിക്കോട്ടിൽ കാറിന് തീപിടിച്ച് 5 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. പരേതനായ മാർട്ടിന്റെ ഭാര്യ എൽസി മാർട്ടിൻ (37), അമ്മ ഡെയ്സി(65), എൽസിയുടെ മക്കളായ അലീന(10), ആൽഫിൻ(6), എമി (4) എന്നിവർക്കാണ് പൊള്ളലേറ്റത്. ആൽഫിന്റെയും എമിയുടെയും നില ഗുരുതരമാണെന്നാണ് വിവരം. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വകാര്യ ആശുപത്രിയിലെ നഴ്സായ എൽസി ജോലി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ശേഷം കുട്ടികളുമായി പുറത്തേക്ക് പോകാൻ കാർ സ്റ്റാർട്ട് ചെയ്തു. പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നു. എൽസിയും മൂത്ത കുട്ടിയുമായിരുന്നു മുൻ സീറ്റിൽ. 2 കുട്ടികൾ പുറകിലെ സീറ്റിലും. തീ പടർന്നതോടെ ഇവർ കാറിൽ കുടുങ്ങി. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ പുറത്തെടുത്തത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് എൽസിയുടെ അമ്മ ഡെയ്സിക്കു പൊള്ളലേറ്റത്. ഷോർട്ട് സർക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നര മാസം മുൻപാണ് എൽസിയുടെ ഭർത്താവ് മാർട്ടിൻ മരിച്ചത്. ഇതോടെ ജോലിയിൽ നിന്നു അവധിയെടുത്ത എൽസി കഴിഞ്ഞ ദിവസമാണ് തിരികെ പ്രവേശിച്ചത്.
