പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ കുടുംബത്തെ മറയാക്കി തമിഴ്നാട്ടിൽ നിന്നു രേഖകളില്ലാത്ത 80 ലക്ഷം രൂപ കടത്താൻ ശ്രമിച്ച 4 പേർ പിടിയിൽ. ആലപ്പുഴ ചേർത്തല പാണാവല്ലി സൂര്യാമൃതം വീട്ടിൽ കെ.ജെ. മനോജ്(47), മകൻ സൂര്യ മനോജ് കൃഷ്ണ(20), മനോജിന്റെ അനന്തരവൻ രാം കുമാർ(36), മനോജിന്റെ 14 വയസ്സുകാരിയായ മകൾ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 79.8 ലക്ഷം രൂപയും 5 മില്ലിഗ്രാം സ്വർണവും ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നു കണ്ടെടുത്തു. രേഖകളില്ലാത്ത സ്വർണം കടത്തുന്നതായി ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. പിടിക്കപ്പെടാതിരിക്കാൻ പൊലീസുകാരനെന്ന് തോന്നിക്കുന്ന വേഷമാണ് മനോജ് ധരിച്ചിരുന്നത്. മുൻപും സമാന രീതിയിൽ മനോജ് പണവും സ്വർണവും കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
