കണ്ണൂർ: പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവംത്തിൽ ഡിവൈഎഫ്ഐ വനിത നേതാവിന് എതിരെ കേസ്. പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് കേസ്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചക തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു അതിക്രമം നടന്നത്.
ഉച്ചഭക്ഷണം തയ്യാറാക്കിയാൽ ക്ലാസ് തുടരേണ്ടി വരും എന്നു പറഞ്ഞ് പാചകപ്പുരയിൽ കയറുകയും പാചകക്കാരിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പരാതി. കഴുകിയ അരി ഇടാൻ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞു. ‘‘പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓൾടെ അമ്മയാകാൻ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാൻ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.’’ – വസന്ത പറഞ്ഞു. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു.
