ഓട്ടം പോകാന്‍ വിളിച്ചുവരുത്തും; കൊലയ്ക്ക് ശേഷം ടാക്‌സി വില്‍പന നടത്തും; 24 വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയല്‍ കില്ലര്‍ പിടിയിലായി

ന്യൂഡല്‍ഹി: യാത്രയ്ക്കായി ടാക്‌സി വിളിപ്പിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്ന സീരിയല്‍ കില്ലര്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. 4 കൊലപാതകം നടത്തിയ അജയ് ലാമ്പ(48)യാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. അജയുടെ രണ്ടു കൂട്ടാളികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തിന് പുറത്തും അകത്തുമായി പലയിടങ്ങളിലായിരുന്നു താമസം.
2001 ലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. അജയ് ലാമ്പയും കൂട്ടാളികളായ ധീരേന്ദ്രനും ദിലീപ് നേഗിയും ഉത്തരാഖണ്ഡിലേക്ക് സവാരി പോകാനായി ടാക്‌സികള്‍ വിളിക്കും. യാത്രയ്ക്കിടെ ഡ്രൈവര്‍മാരെ ബോധം കെടുത്തി ശ്വാസംമുട്ടിച്ചു കൊല്ലും. മൃതദേഹം മലയോരങ്ങളില്‍ എവിടെയെങ്കിലും മറവ് ചെയ്യും. ടാക്‌സി കാറുകള്‍ അതിര്‍ത്തി കടത്തി നേപ്പാളില്‍ എത്തിച്ച് വില്‍ക്കുകയാണ് പതിവ്.
4 കൊലപാതകക്കേസുകളുണ്ടെങ്കിലും ആകെ ഒരാളുടെ മൃതദേഹം മാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളൂ.
2008 മുതല്‍ 2018 വരെ നേപ്പാളില്‍ താമസിച്ചു. പിന്നീട് 2018ല്‍ കുടുംബസമേതം ഡെറാഡൂണില്‍ എത്തി. 2021 ല്‍ ഡല്‍ഹിയില്‍ വെച്ച് ലഹരി കടത്തു കേസില്‍ പിടിയിലായി. 2024 ല്‍ ഒഡീഷയില്‍ സ്വര്‍ണ്ണക്കട കൊള്ളയടിച്ച കേസിലും അജയ് പ്രതിയാണ്. അജയ് ലാമ്പയുടെ കൂട്ടാളികളായ ധീരേന്ദ്രനും ദിലീപും പൊലീസിന്റെ പിടിയിലായതോടെയാണ് കൊലപാതകങ്ങളുടെ വിവരങ്ങള്‍ പൊലീസ് അറിയുന്നത്. പിന്നീട് അജയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ കൊലപാതകങ്ങളുടെ ചുരുളഴിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page