കാസർകോട് :സംസ്ഥാനത്തെ ഏറ്റവും മികച്ച സഹകരണ ആശുപത്രിക്കുള്ള അവാർഡ് കാസർകോട് ജില്ലാ സഹകരണ ആശുപത്രി ഏറ്റുവാങ്ങി.അന്താരാഷ്ട്ര സഹകരണ ദിനാഘോഷത്തിന്റെ ഭാഗമായി, ശനിയാഴ്ച രാവിലെ അങ്കമാലിയിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ അവാർഡ് സമ്മാനിച്ചു.
കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റ് രഘുദേവൻ മാസ്റ്ററും ഡയറക്ടർ കെ.ആർ. ജയാനന്ദൻ, സെക്രട്ടറി പ്രദീപ്.കെ എന്നിവരും ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും, അവാർഡും സ്വീകരിച്ചു.
രണ്ടാം സമ്മാനം കൊച്ചി സഹകരണ ആശുപത്രിക്കും മൂന്നാം സമ്മാനം കോട്ടയം ജില്ലാ സഹകരണ ആശുപത്രിക്കും ലഭിച്ചു.
കാസർകോട് താലൂക്കിലെ ഗ്രാമീണ ജനങ്ങൾക്ക് പൊതുജനപങ്കാളിത്തത്തോടെ ചികിത്സാ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാസർകോട് ജില്ലാ സഹകരണ ആശുപത്രി ആരംഭിച്ചത്. ഇപ്പോൾ ഈ സ്ഥാപനത്തിന് കീഴിൽ കുമ്പള ജില്ലാ സഹകരണ ആശുപത്രിയും, ചെങ്കളയിലെ ഇ.കെ.നായനാർ സ്മാരക സഹകരണ ആശുപത്രിയും മുള്ളേരിയ കോ ഓപ്പറേറ്റീവ് മെഡിക്കൽ സെന്റരും പ്രവർത്തിക്കുന്നു.