കാസർകോട്: സ്കൂളിൽ പോകുന്നു എന്നു പറഞ്ഞു നാടുവിടാൻ ശ്രമിച്ച 12 വയസ്സുകാരനെ റെയിൽവേ പൊലീസ് പിന്തിരിപ്പിച്ച് തിരികെ എത്തിച്ച് മാതാപിതാക്കൾക്ക് കൈമാറി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് നാടുവിടാൻ ട്രെയിനിൽ കയറിയത്. മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലാണ് കുട്ടി കയറിയത്. ട്രെയിൻ പയ്യന്നൂരിൽ എത്തിയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എസ് ഐ എംവി പ്രകാശൻ, എ എസ് ഐ പ്രദീപ് കുമാർ എന്നിവർ തനിച്ച് സീറ്റിൽ ഇരിക്കുന്ന 12കാരനെ കണ്ടെത്തി. സംശയം തോന്നിയതോടെ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചു. ടിക്കറ്റോ യാതൊരു യാത്ര രേഖകളോ കുട്ടിയുടെ കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എങ്ങോട്ടെന്നറിയാതെ നാടുവിട്ടതാണെന്ന് മനസ്സിലായി. കുട്ടിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി മാതാപിതാക്കളെ ബന്ധപ്പെട്ടു. പിന്നീട് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിൽ കുട്ടിയെ എത്തിച്ചു. മാതാപിതാക്കൾ എത്തിയശേഷം കുട്ടിയെ അവർക്ക് കൈമാറി.
