മോഷണക്കേസില്‍ പൊലീസ് കസ്റ്റഡിയിലായ ആള്‍ കുഴഞ്ഞു വീണ് ആശുപത്രിയില്‍; യുവാവിനെതിരെ പരാതി പ്രവാഹം

കാസര്‍കോട്: റബ്ബര്‍ തോട്ടങ്ങളിലെ നിരവധി ഷെഡുകളില്‍ നിന്നു ലക്ഷങ്ങള്‍ വില വരുന്ന അലുമിനിയം ഡിഷുകളും ബക്കറ്റുകളും മോഷ്ടിച്ച് കാറില്‍ കടത്തിക്കൊണ്ടു പോയ മോഷ്ടാവ് പിടിയില്‍. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നതിനിടയില്‍ കുഴഞ്ഞുവീണ മോഷ്ടാവിനെ പൊലീസ് കാവലില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങോം, കാങ്കോല്‍ സ്വദേശിയും രാജപുരത്തു താമസക്കാരനുമായ ജയപ്രകാശാണ് രാജപുരം പൊലീസിന്റെ പിടിയിലായത്. ജൂണ്‍ 16നും 23നും ഇടയില്‍ കള്ളാര്‍, അരിങ്കല്ല്, നീലിമലയിലെ എംഎം ജോസിന്റെ തോട്ടത്തില്‍ നിന്നു 120 ഡിഷുകളും 10 ബക്കറ്റുകളും മോഷ്ടിച്ച കേസിലാണ് ജയപ്രകാശിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാള്‍ അസുഖം നടിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നുവത്രെ. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നാണത്രെ പരിശോധിച്ച ഡോക്ടര്‍മാര്‍ പൊലീസിനു നല്‍കിയ മൊഴി. ആശുപത്രി വിട്ട ശേഷം ജയപ്രകാശിനെ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രദേശത്തെ മറ്റു എട്ടോളം കര്‍ഷകരുടെ തോട്ടങ്ങളിലെ ഷെഡ്ഡുകളില്‍ സൂക്ഷിച്ചിരുന്ന സമാനസാധനങ്ങളും മോഷണം പോയിട്ടുള്ളതായി പരാതിയുണ്ട്. ജോസിന്റെ പരാതിപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിനൊപ്പം മറ്റു പരാതികളും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.
പാണത്തൂരില്‍ നിന്നും അടുത്തിടെ വാങ്ങിയ കാറിലാണ് ജയപ്രകാശ് തൊണ്ടിമുതലുകള്‍ കടത്തിക്കൊണ്ടു പോയത്. പ്രസ്തുത കാര്‍ പൊലീസ് കസ്റ്റഡിയിലാണ്. മുഴുവന്‍ തുകയും നല്‍കാതെയാണ് കാര്‍ വാങ്ങിയതെന്നു പറയുന്നു. തൊണ്ടി മുതലുകള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചതാണ് മോഷ്ടാവിനെ തിരിച്ചറിയാന്‍ ഇടയാക്കിയതെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page