ഒപ്പം ജോലി ചെയ്ത യുവാവ് വേറെ വിവാഹം കഴിച്ചു, ‘പ്രണയപ്പക’യില്‍ 12 സംസ്ഥാനങ്ങളില്‍ ബോംബ് ഭീഷണി: വനിതാ എന്‍ജിനീയര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: 12 സംസ്ഥാനങ്ങളില്‍ 21 വ്യാജ ബോംബ് ഭീഷണികള്‍ നടത്തിയ യുവതി പിടിയില്‍. തമിഴ്‌നാട് ചൈന്നൈ സ്വദേശിയായ റോബോട്ടിക്‌സ് എന്‍ജിനീയര്‍ റെനെ ജോഷില്‍ഡ(26)യെയാണ് അഹമ്മദാബാദ് സൈബര്‍ പൊലീസ് കഴിഞ്ഞ ദിവസം ഉഡുപ്പിയില്‍ വച്ച് അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി സ്റ്റേഡിയം, വിമാനദുരന്തമുണ്ടായ ബി.ജെ.മെഡിക്കല്‍ കോളജ്, ഉഡുപ്പിയടക്കം വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്കു വ്യാജ മെയില്‍ ഐഡികളില്‍നിന്നു സന്ദേശമയച്ചത് ജോഷില്‍ഡയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ജര്‍മനി, റൊമേനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണെന്ന വ്യാജേനയായിരുന്നു മെയിലുകള്‍ എത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ജോഷില്‍ഡ ഈ കൃത്യങ്ങള്‍ ചെയ്തത് പ്രണയപ്പകയെ തുടര്‍ന്നാണെന്ന് വ്യക്തമായി. ചെന്നൈയില്‍ ഒപ്പം ജോലി ചെയ്തിരുന്ന ദിവിജ് പ്രഭാകര്‍ എന്ന യുവാവുമായി യുവതിക്ക് പ്രണയമുണ്ടായിരുന്നു. വിവാഹം കഴിക്കാന്‍ ജോഷില്‍ഡ ആഗ്രഹിച്ചിരുന്നു. ഫെബ്രുവരിയില്‍ മറ്റൊരു യുവതിയെ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. തുടര്‍ന്ന് ദിവിജിനെ കള്ളക്കേസില്‍ കുടുക്കാന്‍ ജോഷില്‍ഡ പദ്ധതിയിടുകയായിരുന്നു. ദിവിജിന്റെ പേരില്‍ ഒട്ടേറെ വ്യാജ മെയില്‍ ഐഡികള്‍ ഉണ്ടാക്കിയാണ് ബോംബ് ഭീഷണികള്‍ അയച്ചത്. ഗുജറാത്തിലെ ഒരു സ്‌കൂളിലേക്ക് അയച്ച ബോംബ് ഭീഷണിയില്‍ 2023 ല്‍ ഹൈദരാബാദിലുണ്ടായ ഒരു പീഡനക്കേസിലേക്ക് പൊലീസിന്റെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതെന്നും ഇതില്‍ ദിവിജിന് പങ്കുണ്ടെന്നും ആരോപിച്ചിരുന്നു. ഈ പരാമര്‍ശമാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page