ഗായിക അമൃത സുരേഷും ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി, പോയത് 45,000 രൂപ, തുറന്നുപറഞ്ഞ് ഗായിക

കൊച്ചി: താന്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായെന്ന് ഗായിക അമൃത സുരേഷ്. അമൃതയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വ്‌ലോഗിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചു രംഗത്തെത്തിയത്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. വാട്‌സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരില്‍ പണം ആവശ്യപ്പെട്ട് ഒരു സന്ദേശം വന്നു. വേറൊരു യുപിഐ ഐഡിയിലേക്ക് പണം അയക്കാനായിരുന്നു നിര്‍ദേശം. പണം അയച്ചതോടെ വീണ്ടും സന്ദേശമെത്തി. 30,000 രൂപ കൂടി അയക്കണമെന്ന് അക്കൗണ്ട് ഉടമ ആവശ്യപ്പെട്ടു. സംശയം തോന്നി ബന്ധുവിനെ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായതെന്നും ഗായിക വ്യക്തമാക്കി. ‘അമ്മൂന് പറ്റിയ അബദ്ധം വാട്ട്സ്ആപ്പ് സ്‌കാം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹോദരി അഭിരാമിയും അമൃതയ്ക്കൊപ്പം വീഡിയോയിലുണ്ട്.
കഴിഞ്ഞദിവസമാണ് തട്ടിപ്പ് നടന്നത്. ബന്ധുവായ ചേച്ചിയുടെ സന്ദേശമാണ് വാട്സാപ്പില്‍ വന്നത്. അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശമായിരുന്നു അത്. ബന്ധുവിന്റെ യുപിഐ ഐഡിക്ക് എന്തോ പ്രശ്‌നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും പറഞ്ഞിരുന്നു. ഇന്ന് ഇഎംഐ അടയ്ക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നുമാണ് സന്ദേശത്തിലുണ്ടായിരുന്നത്. സന്ദേശം കണ്ടയുടനെ സത്യമാണെന്ന് കരുതി പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും അയച്ചുകൊടുത്തു. പണം അയച്ചയുടനെ ‘താങ്ക് യു’ എന്ന് മറുപടിയും ലഭിച്ചു. കുറച്ചു സമയം കഴിഞ്ഞ് 30,000 രൂപകൂടി അയക്കാമോ എന്ന് ചോദിച്ച് വീണ്ടും സന്ദേശമെത്തി. തന്റെ കൈയില്‍ പൈസ ഇല്ലാത്തതിനാല്‍ ചേച്ചിയെ വീഡിയോകോള്‍ ചെയ്തുവെങ്കിലും കോള്‍ കട്ട് ചെയ്തുവെന്ന് അമൃത പറഞ്ഞു. നമ്പര്‍ ഡയല്‍ചെയ്ത് കോള്‍ ചെയ്തപ്പോള്‍ ഫോണ്‍ എടുത്തു. ചേച്ചിയുടെ വാട്‌സാപ് ഹാക്ക് ചെയ്‌തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും അമൃത വീഡിയോയില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page