അതിഥി തൊഴിലാളികള്‍ ആളു മോശക്കാരല്ലെന്ന് ബദിയഡുക്കയില്‍ അഭിപ്രായ രൂപീകരണം; പൂട്ടിയിട്ട വീട്ടില്‍ സൂക്ഷിച്ചിരുന്ന 1500 തേങ്ങകള്‍ കാണാനില്ല

ബദിയഡുക്ക: അതിഥി തൊഴിലാളികള്‍ ബദിയഡുക്കയില്‍ നാട്ടുകാരെ ഓടിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ആക്ഷേപമുയരുന്നു. ഗോളിയടുക്കയിലെ നാസറിന്റെ അടച്ചിട്ട പഴയ കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന 1500വോളം തേങ്ങ പൂട്ടുപൊളിച്ചു മോഷ്ടിച്ചു. പല വീടുകളില്‍ നിന്നും കോഴികളെ മോഷ്ടിച്ചു കൊണ്ടു പോവുന്നതും പതിവായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. വീട്ടുമുറ്റത്തു വയ്ക്കുന്ന കുട്ടികളുടെ സൈക്കിളുകളും മറ്റു കളിപ്പാട്ടങ്ങളും വിലപിടിപ്പുള്ള ചെരുപ്പുകളും പാത്രങ്ങളുമൊക്കെ കാണാതാവുന്നതു പതിവായിരിക്കുകയാണെന്നും പരാതിയുണ്ട്.

അതിഥി തൊഴിലാളികള്‍ക്കു താമസസൗകര്യം നല്‍കുന്നതിനു സര്‍ക്കാര്‍ പല മുന്നറിയിപ്പുകളും നിബന്ധനകളും ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ബദിയഡുക്ക പരിസരങ്ങളില്‍ കെട്ടിടമുടമകള്‍ അതൊക്കെ അവഗണിക്കുകയായിരുന്നുവെന്നു പരാതിയുണ്ട്. മുറികള്‍ക്കും വീടുകള്‍ക്കും ചോദിക്കുന്ന വാടക കിട്ടുമ്പോള്‍ ആര്‍ക്കാണ് സര്‍ക്കാര്‍ നിബന്ധന വേണ്ടതെന്ന് അവര്‍ തിരിച്ചു ചോദിക്കാറുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, ഒരു മുറിയില്‍ 25 പേര്‍ വരെ താമസിക്കുന്ന സ്ഥലങ്ങളും ബദിയഡുക്ക പരിസരങ്ങളിലുണ്ടെന്നും നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

തേങ്ങാമോഷണവുമായി ബന്ധപ്പെട്ടു പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അയാളോടു സ്‌റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സംസാരമുണ്ട്. സ്‌റ്റേഷനില്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റു ചെയ്‌തേക്കുമെന്നു നാട്ടുകാര്‍ കരുതുന്നു.

അതേസമയം ഒരു അറസ്റ്റ് കൊണ്ടു ഇത്തരം മോഷണങ്ങള്‍ അവസാനിക്കുമെന്നു നാട്ടുകാര്‍ കരുതുന്നില്ല, പൊടിക്കള്ളങ്ങളില്‍ നിന്ന് കവര്‍ച്ചയിലേക്കു കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അതിനിയും ശക്തിയാര്‍ജ്ജിക്കാനാണ് സാധ്യതയെന്നും സംസാരമുണ്ട്. അധികൃത നടപടികള്‍ക്കൊപ്പം നാട്ടുകാരുടെയും അതീവ ജാഗ്രത ഇക്കാര്യത്തില്‍ ഉണ്ടായില്ലെങ്കില്‍ നാടിന്റെ സ്ഥിതി ശോഭനമാവില്ലെന്നു സാമൂഹ്യ പ്രവര്‍ത്തകനായ ഹമീദ് മുന്നറിയിക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page