അതുല്യനടനെ ചേര്‍ത്തുപിടിച്ച് പിണറായി; അപ്രതീക്ഷിത കൂടിക്കാഴ്ച വിമാനത്തില്‍ വച്ച്

തിരുവനന്തപുരം: മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ യാത്രക്കിടെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ”ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങള്‍ അന്വേഷിച്ചു.” എന്ന ഫേസ്ബുക്ക് കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ പങ്കുവച്ചത്. ജഗതിയെ അദ്ദേഹത്തിന്റെ സീറ്റിലെത്തി കണ്ട് സുഖവിവരം തിരക്കുകയായിരുന്നു മുഖ്യമന്ത്രി. കുടുകുടാ ചിരിപ്പിച്ച ജഗതിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാവതല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയാണ് ജഗതി. അപകടത്തെ തുടര്‍ന്ന് ശരീരചലനവും സംസാരശേഷിയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു. ചികിത്സയ്ക്കുശേഷം അദ്ദേഹം പരിപാടികളില്‍ സജീവമാണ്. ചക്രക്കസേരയില്‍ ജീവിതം നയിക്കുമ്പോഴും രണ്ട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.
ഈയടുത്ത് അരുണ്‍ ചന്ദു സംവിധാനം ചെയ്ത വല എന്ന ചിത്രത്തില്‍ ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ അദ്ദേഹം വേഷം ചെയ്തിരുന്നു. 2012 മാര്‍ച്ച് 12ന് പുലര്‍ച്ചെയാണ് മലപ്പുറം പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് ജഗതി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഷൂട്ടിങ് സെറ്റിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page