വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ല; ഭാര്യയുടെ പാസ്പോർട്ടിന് ഭർത്താവിന്റെ ഒപ്പു വേണ്ടെന്ന് ഹൈക്കോടതി

ചെന്നൈ: ഭാര്യ ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്നും പാസ്പോർട്ട് അപേക്ഷയിൽ ഭർത്താവിന്റെ ഒപ്പ് നിർബന്ധമല്ലെന്നും മദ്രാസ് ഹൈക്കോടതി. പാസ്പോർട്ട് നൽകാത്തതു ചോദ്യം ചെയ്ത് ഭർത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശി നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
യുവതിയുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് ചെന്നൈ റീജിണൽ പാസ്പോർട്ട് ഓഫിസിൽ യുവതി പാസ്പോർട്ടിനു അപേക്ഷ നൽകിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടികൾ സ്വീകരിക്കാത്തതോടെ യുവതി ഓഫിസിൽ ബന്ധപ്പെട്ടു. ഭർത്താവിന്റെ ഒപ്പ് ലഭിക്കാതെ അപേക്ഷ പരിഗണിക്കാനാകില്ലെന്ന് ഓഫിസ് വ്യക്തമാക്കി. ഇതോടെയാണ് യുവതി കോടതിയെ സമീപിച്ചത്.
പാസ്പോർട്ടിന് ഭർത്താവിന്റെ ഒപ്പ് വേണമെന്ന റീജണൽ പാസ്പോർട്ട് ഓഫിസറുടെ നിലപാടിനെ കോടതി രൂക്ഷമായി വിമർശിച്ചു. ഓഫിസറുടെ നിലപാട് ഞെട്ടിക്കുന്നതാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലത്ത് പുരുഷാധിപത്യത്തിന്റെ ഭാഷയാണ് ഓഫിസർ ഉപയോഗിച്ചത്. മറ്റു നിബന്ധനകൾ പാലിക്കുന്നുണ്ടെങ്കിൽ 4 ആഴ്ചയ്ക്കുള്ളിൽ യുവതിക്കു പാസ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page