ചരിത്രം തിരുത്താൻ ഇന്ത്യൻ യുവ നിര: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കം

ലീഡ്സ്: തലമുറമാറ്റത്തിനു ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് ടീം ഇന്ത്യ ഇന്നിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ 5 ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് തുടങ്ങും. ഇന്ത്യൻ സമയം വെള്ളിയാഴ്ച വൈകിട്ട് 3.30നാണ് മത്സരം. മുൻ നായകന്മാരായ വിരാട് കോലിയും രോഹിത് ശർമയുമില്ലാതെ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരമാണിത്. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം യുവനിരയുമായാണ് എത്തുന്നത്. ഓൾറൗണ്ടർ ബെൻസ്റ്റോക്സിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

തിരുത്താൻ 18 വർഷത്തെ ചരിത്രം

18 വർഷത്തിനു ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ചരിത്ര നിയോഗമാണ് ഗില്ലിനെയും സംഘത്തെയും കാത്തിരിക്കുന്നത്. 2007ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയിൽ വിജയം നേടിയത്. ഇന്ത്യൻ ബാറ്റിങ് നിരയിലെ സ്ഥാനങ്ങളെ ചൊല്ലി അവ്യക്തത തുടരുകയാണ്. ഓപ്പണിങ്ങിൽ ജയ്സ്വാളിനൊപ്പം സായ് സുദർശൻ കളിച്ചേക്കും. മറുനാടൻ മലയാളി കരുൺ നായർ മൂന്നാം നമ്പറിൽ ഇറങ്ങും. നായകൻ ഗില്ലാകും നാലാം നമ്പറിലെത്തുക. തുടർന്ന് ഋഷഭ് പന്തും കെ.എൽ. രാഹുലും ഇറങ്ങും. പേസർ ജസ്പ്രീത് ബുമ്രയാണ് ബൗളിങ്ങിലെ കരുത്ത്. ശാർദുൽ ഠാക്കൂറും മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ടീമിലുണ്ടാകും. ജഡേജയാകും ഏക സ്പിന്നർ. ക്യാപ്റ്റൻ ബെൻ സ്റ്റോക്കിന്റെ ബാറ്റിങ്, ബൗളിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. സാക് ക്രോളിയും ബെൻ ഡെക്കറ്റുമാണ് ഓപ്പണർമാർ. ഒലിപ് പോപ്പ് മൂന്നാമതും ജോ റൂട്ട് നാലാമതും ബാറ്റിങ്ങിനിറങ്ങും. ക്രിസ് വോക്സ്, ജോഷ് ടങ്, ബ്രെണ്ടൻ കാർസ് എന്നിവരാണ് പേസർമാർ. ഷൊയബ് ബഷീറാണ് ഏക സ്പിന്നർ.

പ്രതീക്ഷ പേസ് നിരയിൽ

പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ ബൂമ്രയുടെ നേതൃത്വത്തിലുള്ള കരുത്തുറ്റ ബൗളിങ് നിരയുടെ പ്രകടനമാണ് ഇന്ത്യയുടെ ഭാവി നിർണയിക്കുക. താരതമ്യേന പരിചയസമ്പത്തു കുറഞ്ഞ പേസ് നിരയാണ് ഇംഗ്ലണ്ടിന്റേതെന്നും പ്രതീക്ഷ വർധിപ്പിക്കുന്നു. എന്നാൽ സമീപകാലങ്ങളിൽ ടെസ്റ്റ് പരമ്പരകളിലെ മോശം ഫോമാണ് ടീമിനെ വലയ്ക്കുന്നത്. നേരത്തേ ന്യൂസിലാൻഡിനോടും ഓസ്ട്രേലിയയോടുമുള്ള ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. പരമ്പര നേടി വേൾഡ് ടെസ്റ്റ് ചാംപ്യൻ ഷിപ്പിന്റെ പുതിയ സീസണിൽ വിജയത്തോടെ തുടക്കം കുറിക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു. ഒപ്പം യുവ താരങ്ങൾക്കു ടീമിലെ സ്ഥാനം ഉറപ്പിക്കുന്നതിലും പരമ്പരയിലെ പ്രകടനം നിർണായകമാകും. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാനാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page