ഐടി ജീവനക്കാരുടെ ജോലി സമയം ഉയര്‍ത്താന്‍ വീണ്ടും നീക്കവുമായി കര്‍ണാടക; നിയമഭേദഗതിക്ക് കരടായി, കൂട്ട പിരിച്ചുവിടല്‍ ആശങ്കയില്‍ ജീവനക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഐടി ഉള്‍പ്പെടെയുള്ള മേഖലകളിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താന്‍ വീണ്ടും നീക്കവുമായി സര്‍ക്കാര്‍. സാധാരണ ജോലി സമയം 10 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ സാധാരണ ജോലി സമയം 9 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 10 മണിക്കൂറുമാണ്. ജോലി സമയം ഉയര്‍ത്താന്‍ 1961ലെ കര്‍ണാടക ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബുധനാഴ്ച തൊഴില്‍ വകുപ്പ് വിളിച്ചു ചേര്‍ത്ത വ്യവസായ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തില്‍ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു. തൊഴില്‍ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്.
കഴിഞ്ഞ വര്‍ഷം സമാനമായി നിയമഭേദഗതിയിലൂടെ തൊഴില്‍ സമയം 14 മണിക്കൂറാക്കി വര്‍ധിപ്പിക്കാന്‍ തൊഴില്‍ വകുപ്പ് ശ്രമിച്ചിരുന്നു. പ്രമുഖ ഐടി കമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണിതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ഇടതുപക്ഷ സംഘടനയായ കര്‍ണാടക സ്റ്റേറ്റ് ഐ.ടി ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയന്‍(കെ.ഐ.ടി.യു) ഉള്‍പ്പെടെ ശക്തമായ എതിര്‍പ്പുമായി മുന്നോട്ടു വന്നതോടെയാണ് സര്‍ക്കാര്‍ നീക്കത്തില്‍ നിന്നു പിന്മാറിയത്.
പുതിയ നീക്കത്തിനെതിരെയും സംഘടനകള്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഗ്ലോബല്‍ ടെക് പാര്‍ക്കിനു മുന്നില്‍ സംഘടനകള്‍ ഇന്നലെ പ്രതിഷേധിച്ചു. ജോലി സമയം വര്‍ധിപ്പിക്കുന്നത് ഷിഫ്റ്റ് മാറ്റത്തിലൂടെ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറയ്ക്കാന്‍ കമ്പനികളെ സഹായിക്കും. ഇതു ഒട്ടേറെ പേരുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page