കണ്ണൂർ: തളിപ്പറമ്പിൽ കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് കുക്കായി ജോലി ചെയ്തിരുന്ന ഹോസ്റ്റലിലെ മുറിയിൽ ജീവനൊടുക്കി. കേസിൽ കോടതി വിധി നാളെ വരാനിരിക്കെയാണ് പ്രതി തൂങ്ങി മരിച്ചത്. ചിറ്റാരിക്കൽ വാഴവളപ്പിൽ വീട്ടിൽ വി.വി. ഷിഹാബുദ്ദീൻ(35) ആണ് മരിച്ചത്. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ മെൻസ് ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രി പത്തോടെ ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹോസ്റ്റൽ മുറിയിലെ ഫാനിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങുകയായിരുന്നു. കെട്ടറുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മംഗളൂരുവിൽ പച്ചക്കറി വിൽപനയ്ക്കിടെ കഞ്ചാവ് വിൽപന നടത്തിയതിനാണ് ഷിഹാബുദ്ദീനെ പൊലീസ് പിടികൂടിയത്. ഏറെക്കാലം ജയിലിൽ കിടന്നെങ്കിലും ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. ഒരാഴ്ച മുൻപാണ് ഹോസ്റ്റലിൽ കുക്കായി ജോലിക്ക് ചേർന്നത്.
