സാങ്കേതിക തകരാര്‍; അഹമ്മദാബാദ്-ലണ്ടന്‍ എയര്‍ ഇന്ത്യ വിമാനം മുടങ്ങി, ദുരന്തത്തിനു ശേഷമുള്ള ആദ്യ സര്‍വീസ്

അഹമ്മദാബാദ്: വിമാന അപകടത്തിനുശേഷം ആദ്യമായി അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ ഇന്ത്യയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍. ഇതേത്തുടര്‍ന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്തു നല്‍കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.10-നാണ് എഐ 159 പറന്നുയരേണ്ടിയിരുന്നത്. അപകടത്തിനുശേഷം അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേയ്ക്ക് എയര്‍ ഇന്ത്യയുടെ സര്‍വീസ് ഉണ്ടായിരുന്നില്ല.
എയര്‍ ഇന്ത്യ ഇന്ന് അഞ്ച് രാജ്യാന്തര സര്‍വീസുകള്‍ റദ്ദാക്കി. ഡി.ജി.സി.എ നിര്‍ദേശിച്ച പരിശോധനകള്‍ വിമാനങ്ങളില്‍ നടത്തേണ്ടതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത് എന്നാണ് വിവരം. പരിശോധന നടത്തേണ്ടതിനാല്‍ ചില സര്‍വീസുകളില്‍ തടസം നേരിട്ടേക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് പാരീസിലേക്കുള്ള വിമാനവും, ഡല്‍ഹി മെല്‍ബണ്‍ വിമാനവുമാണ് റദ്ദാക്കിയത്. അതിനിടെ, യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ഒരു എന്‍ജിനില്‍ തകരാര്‍ കണ്ടെത്തി. ഇതോടെ വിമാനം കൊല്‍ക്കത്തയിലിറക്കി. കൊച്ചിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിതിരിച്ചുവിട്ടു. 11.35ന് കൊച്ചിയില്‍നിന്നു പുറപ്പെട്ട എഐ 0822 എന്ന വിമാനം 2.55ന് ഡല്‍ഹിയില്‍ ഇറങ്ങേണ്ടതായിരുന്നു. രണ്ടുവട്ടം ഡല്‍ഹിയില്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ വിമാനം അമൃത്‌സറില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page