അഹമ്മദാബാദ് വിമാനാപകടം: തകർന്നു വീണ വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി, അപകടകാരണം കണ്ടെത്താൻ നിർണായകം

അഹമ്മദാബാദ്: തകർന്നു വീണ എയർഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിമാനം തകർന്നു വീണ ബിജെ മെഡിക്കൽ കോളജിന്റെ മേൽക്കൂരയിൽ നിന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അപകട കാരണം കണ്ടെത്താൻ ഏറെ നിർണായകമാണ് ബ്ലാക് ബോക്സ്. നേരത്തേ വിമാനത്തിലെ ക്യാമറയിലെ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ വീഡിയോ റെക്കോർഡറും കണ്ടെത്തിയിരുന്നു. ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള വിമാനം അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30നാണ് പുറപ്പെട്ടത്. പറന്നുയർന്ന ഉടൻ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നു വീണ് കത്തുകയായിരുന്നു.

എന്താണ് ബ്ലാക്ക് ബോക്സ് ?

വിമാനത്തിന്റെ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവയ്ക്കുന്ന മെമ്മറി ചിപ്പുകളുള്ള ബോക്സാണ് ബ്ലാക്ക് ബോക്സ്. ബ്ലാക്ക് ബോക്സെന്നാണ് പേരെങ്കിലും ഓറഞ്ച് നിറമാണ് ഇതിനുള്ളത്. വിമാനപകടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നു പെട്ടെന്ന് കണ്ടെത്താനാണ് ഇവയ്ക്ക് ഓറഞ്ച് നിറം നൽകിയിരിക്കുന്നത്. സ്റ്റീൽ അല്ലെങ്കിൽ ടൈറ്റാനിയം കൊണ്ട് നിർമിച്ച ശക്തമായ ലോഹകവചവും ഇവയ്ക്കുണ്ട്. തീ, വെള്ളം എന്നിവയിൽ നിന്നു പ്രതിരോധിക്കാൻ ഇതു സഹായിക്കും. വിമാനം കത്തി നശിച്ചാലും വെള്ളത്തിൽ വീണാലും ഇവ സുരക്ഷിതമായിരിക്കും. വിമാനം അപകടത്തിൽ പെട്ടാൽ പിൻഭാഗത്താണ് ആഘാതം കുറവെന്നതിനാൽ ഇവിടെയാണ് ബ്ലാക്ക് ബോക്സ് സൂക്ഷിക്കുക.
ഫ്ലൈറ്റ് ഡേറ്റ റെക്കോർഡറും(എഫ്ഡിആർ) കോക്പിറ്റ് വോയിസ് റെക്കോർഡറുമാണ് (സിവിആർ) ബ്ലാക്ക് ബോക്സിന്റെ പ്രധാന ഭാഗങ്ങൾ. എഫ്ഡിആറിൽ വിമാനത്തിന്റെ വേഗത, ഉയരം, എൻജിൻ അവസ്ഥ, റഡാർ വിവരങ്ങൾ, കൺട്രോൾ സിസ്റ്റങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക വിവരങ്ങൾ രേഖപ്പെടുത്തും. സിവിആറിൽ പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം, എഞ്ചിൻ ശബ്ദങ്ങൾ, കോക്പിറ്റിലെ റേഡിയോ ട്രാൻസ്മിഷനുകളും മറ്റു ശബ്ദങ്ങളും രേഖപ്പെടുത്തും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page