പ്രായമായ സ്ത്രീകൾക്കും വിധവകൾക്കും രക്ഷയില്ല, ‘പീഡനത്തിനിരയായവർ ഒത്തുചേർന്ന് പ്രതികാരം’; 60കാരനെ കൊന്ന് കത്തിച്ച് എട്ടു സ്ത്രീകൾ

ഗജപതി: ഒരു ഗ്രാമത്തിലെ നിരവധി സ്ത്രീകളോട് ലൈംഗികാതിക്രമം കാണിച്ച 60 കാരനെ പീഡനത്തിന് ഇരയായവർ ചുട്ടു കൊന്നു. ഒഡിഷയിലെ ഗജപതിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഗജപതിയിലെ കുയ്ഹുരു ഗ്രാമവാസിയായ കാംബി മാലിക് എന്ന 60കാരനെ ജൂൺ 2 മുതൽ കാണാതായിരുന്നു. കുടുംബം ഒരു ചടങ്ങുമായി ബന്ധപ്പെട്ട് പുറത്ത് പോയ സമയത്താണ് ഇയാളെ കാണാതായത്. ഒരാഴ്ച കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്നാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. തുട‍ർന്ന് നടന്ന പൊലീസ് അന്വേഷണത്തിൽ പാതി കത്തിക്കരിഞ്ഞ നിലയിൽ ഇയാളുടെ മൃതദേഹം ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റ‍ർ അകലെയുള്ള കാട്ടിൽ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ ഒരു സ്ത്രീയെ പൊലീസിന് സംശയമുണ്ടായിരുന്നു ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്ത് വന്നത്. ഈ സ്ത്രീയെ നേരത്തെ അറുപതുകാരൻ നിരവധിതവണ പീഡിപ്പിച്ചിരുന്നു. സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു പീഡനം. ഏറെക്കാലമായി 60കാരന്റെ പെരുമാറ്റ ദൂഷ്യം മൂലം ഗ്രാമത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രായമായ സ്ത്രീകളേയും വിധവകളേയും പീഡിപ്പിക്കുന്നത് ഇയാൾ പതിവാക്കിയിരുന്നു. നിരവധി തവണ സമുദായത്തിലെ മുതിർന്നവ‍ർ അടക്കം മുന്നറിയിപ്പ് നൽകിയിട്ടും സ്വഭാവത്തിൽ മാറ്റം വരുത്താൻ ഇയാൾ തയ്യാറായിരുന്നില്ല. ദുരനുഭവങ്ങൾ പലരും നാണക്കേട് ഭയന്നു തുറന്ന് പറഞ്ഞിരുന്നുമില്ല. അടുത്തിടെ 52 വയസുള്ള വിധവയെ ഈ 60കാരൻ പീഡനത്തിനിരയാക്കിയിരുന്നു. ഇതോടെ പീഡനത്തിനിരയാക്കിയ സ്ത്രീകളെല്ലാവരും കൂടി, അവസാനം പീഡിപ്പിക്കപ്പെട്ട വിധവയുടെ വീട്ടിൽ ഒത്തുചേർന്ന് അയാളെ വകവരുത്താൻ പദ്ധതിയിട്ടു. തുടർന്ന് അടുത്ത ദിവസം 8ഓളം സ്ത്രീകൾ 60കാരന്റെ വീട്ടിൽ ഒരുമിച്ച് എത്തി. വരാന്തയിൽ കിടന്ന് ഉറങ്ങുകയായിരുന്ന വയോധികനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച ശേഷം മൃതദേഹത്തിന് തീയിട്ടു. തെളിവ് നശിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൃതദേഹം കത്തിച്ചതെന്നും സ്ത്രീകൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിൽ ഒരു പഞ്ചായത്തംഗവുമുണ്ട്. ഇവരെ സഹായിക്കാൻ മറ്റ് രണ്ട് പേരുകൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവരെപ്പറ്റിയുള്ള അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് വിശദമാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page