കപ്പല്‍ അപകടം: പരിക്കേറ്റ ആറ് നാവികരില്‍ രണ്ട് പേരുടെ നില ഗുരുതരം; കാണാതായ നാല് നാവികര്‍ക്കായി തിരച്ചില്‍

മംഗളൂരു: കേരള പുറങ്കടലിലെ കപ്പലില്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയിലുള്ളതായി ആശുപത്രിയിലെ ഡോക്ടര്‍ ദിനേശ് ഖദം. അപകടത്തില്‍ പരിക്കേറ്റ 6 പേരെയാണ് തിങ്കളാഴ്ച രാത്രി മംഗളൂരു എജെ ആശുപത്രിയിലെത്തിച്ചത്. ഐസിയുവില്‍ കഴിയുന്ന ചൈനീസ് പൗരന്‍ ലു യാന്‍ലിക്ക് 40 ശതമാനം പൊള്ളലും ഇന്തോനേഷ്യന്‍ പൗരന്‍ സോണിതൂര്‍ ഹേനിക്ക് 30 ശതമാനം പൊള്ളലുമേറ്റിട്ടുണ്ട്. രണ്ട് പേരുടെയും ശ്വാസകോശത്തിനാണ് കൂടുതല്‍ പൊള്ളലേറ്റത്. ഇരുവരും മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടര്‍ അറിയിച്ചു. അതേസമയം അപകട നില തരണം ചെയ്തു എന്ന് പൂര്‍ണ്ണമായി പറയാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 72 മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ നിരീക്ഷണം വേണം. ചികിത്സയിലുള്ള ബാക്കി നാല് പേരുടെ നില തൃപ്തികരമാണെന്നും ഡോക്ടര്‍ ദിനേശ് വ്യക്തമാക്കി. തീപിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ 18 ജീവനക്കാരുമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പല്‍ ഐഎന്‍എസ് സൂറത്ത് തിങ്കളാഴ്ച രാത്രി 10:45 നാണ് പനമ്പൂരിലെ ന്യൂ മംഗലാപുരം തുറമുഖ അതോറിറ്റിയില്‍ (എന്‍എംപിഎ) എത്തിയത്.

പരിക്കേറ്റവരെ എജെ ആശുപത്രിയിലും പരിക്കേല്‍ക്കാത്ത 12 പേരെ മംഗളൂരുവിലെ ഹോട്ടലിലേക്കും മാറ്റി.
ചൈനയിലെ എട്ട് പേരും തായ്വാനില്‍ നിന്ന് നാല് പേരും, മ്യാന്‍മറില്‍ നിന്ന് നാല് പേരും, ഇന്‍ഡോനേഷ്യയില്‍ രണ്ടുപേരുമാണ് രക്ഷപ്പെട്ട 18 പേര്‍.
ഇതിനിടെ അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്ന് കാണാതായ നാല് നാവികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെ അപകടത്തില്‍പ്പെട്ട കപ്പലിലെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page