സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തു; പിന്നാലെ ഹൃദയാഘാതം, 36 കാരൻ മരിച്ചു

കൊല്ലം: സുഹൃത്തിന്റെ പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ രക്തം ദാനം ചെയ്തതിന് പിന്നാലെ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. പുനലൂര്‍ മണിയാര്‍ പരവട്ടം മഹേഷ് ഭവനില്‍ പരേതനായ മനോഹരന്‍-ശ്യാമള ദമ്പതികളുടെ മകന്‍ മഹേഷ് (36) ആണ് മരിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്.പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ ചികിത്സയിലുള്ള സുഹൃത്തിന്റെ പിതാവിന് രക്തം നല്‍കാനായിരുന്നു മഹേഷ് ആശുപത്രിയില്‍ പോയത്. രക്തം ശേഖരിക്കുന്നതിന് മുന്‍പ് പതിവ് നടപടികളുടെ ഭാഗമായി യുവാവിന്റെ രക്തസമ്മര്‍ദം, പള്‍സ് അടക്കം ആശുപത്രി ആധികൃതര്‍ പരിശോധിച്ചിരുന്നു. അസാധാരണമായി ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് രക്തദാനം നടത്തി. പിന്നാലെ യുവാവ് പുറത്തേയ്ക്കിറങ്ങി ശീതളപാനീയം കുടിച്ചു. തൊട്ടടുത്ത നിമിഷം ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഗ്യാസ് ട്രബിള്‍ ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഉടൻ ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ചു. ഇസിജി എടുത്തപ്പോള്‍ നേരിയ വ്യത്യാസം ശ്രദ്ധയില്‍പ്പെടുകയും മഹേഷിനെ ഉടന്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. അപകടനില തരണം ചെയ്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങളും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മഹേഷ് മരിക്കുകയാണുണ്ടായത്. നിര്‍മാണ തൊഴിലാളിയായിരുന്നു മഹേഷ്. സുജിതയാണ് ഭാര്യ. മക്കള്‍: അഭിനവ്, അര്‍പ്പിത, ഐശ്വര്യ. സംസ്‌കാരം ചൊവ്വാഴ്ച പകല്‍ പതിനൊന്ന് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

Condolences 🙏

RELATED NEWS
Scroll to top

You cannot copy content of this page