50 ഹൃദയശസ്ത്രക്രിയകള്‍ നടത്തി, വ്യാജ കാര്‍ഡിയോളജിസ്റ്റിനെ ആരും തിരിച്ചറിഞ്ഞില്ല, രോഗി ഒറിജിനല്‍ ഡോക്ടറെ കണ്ടു, തട്ടിപ്പ് പുറത്തായി

ചണ്ഡിഗഡ്: കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് 50 ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ആള്‍ ഒടുവില്‍ പിടിയിലായി. ഫരീദാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്വകാര്യപൊതു പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കുന്ന ഹൃദയാരോഗ്യകേന്ദ്രത്തിലെ പങ്കജ് മോഹന്‍ ശര്‍മ ആണ് പിടിയിലായത്. എംബിബിഎസ് ഡോക്ടറാണെങ്കിലും ഹൃദയശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതിയില്ല. ഒരു കാര്‍ഡിയോളജിസ്റ്റിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് വരികയായിരുന്നു പങ്കജ് എന്ന് പൊലീസ് പറഞ്ഞു. പങ്കജ് മോഹന്‍ ശര്‍മ കാര്‍ഡിയോളജിസ്റ്റായി ചമഞ്ഞ് ഇതിനകം തന്നെ 50 ഹൃദയശസ്ത്രക്രിയകള്‍ നടത്തിയതായി പൊലീസ് കണ്ടെത്തി. യഥാര്‍ഥ ഡോക്ടറെ ഒരു രോഗി കണ്ടുമുട്ടിയതോടെയാണു തട്ടിപ്പ് വെളിയില്‍ വന്നത്. തന്റെ പ്രിസ്‌ക്രിപ്ഷന്‍ പാഡില്‍ കാര്‍ഡിയോളജിയില്‍ ഡിഎന്‍ബി ബിരുദമുണ്ടെന്ന് ഇയാള്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഈ യോഗ്യതകള്‍ കാണിച്ചാണ് ഇയാള്‍ ഹൃദയാരോഗ്യകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചത്. ഇയാള്‍ ശസ്ത്രക്രിയ നടത്തിയ പല രോഗികള്‍ക്കും തുടര്‍ന്ന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെയാണ് പങ്കജ് ഹൃദയ സംബന്ധമായ രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page