ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി, നായയെയും പുറത്തെത്തിച്ചു

ഇടുക്കി: മയിലാടുംപാറയിലെ ഏലത്തോട്ടത്തിലെ കുഴിയിൽ വീണ കടുവയെ മയക്കുവെടിവച്ച് പിടികൂടി. കുഴിയിൽ കടുവയ്ക്കൊപ്പം ഉണ്ടായിരുന്ന നായയെയും മയക്കുവെടിവച്ച് പുറത്തെത്തിച്ചു. മണിക്കൂറുകളോളം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് കടുവയെ പിടികൂടാനായത്. ആദ്യത്തെ മയക്കുവെടിയിൽ കടുവ മയങ്ങിയില്ല. രണ്ടാമത്തെ മയക്കുവെടിയാണ് ഫലം കണ്ടത്. കൂട്ടിൽ കയറ്റിയ കടുവയെ പെരിയാർ കടുവാ സങ്കേതത്തിലെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റി. പരിശോധനകൾക്കു ശേഷം പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നു വിടും. നായ ഒപ്പം ഉണ്ടായിരുന്നതിനാൽ പേവിഷബാധ വാക്സീൻ നൽകിയതിനു ശേഷമാകും കടുവയെ വനത്തിൽ തുറന്നു വിടുക. വയലിൽ സണ്ണി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ എട്ടടിയോളം താഴ്ചയുള്ള കുഴിയിലാണ് കടുവ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ സണ്ണിയാണ് കുഴിയിൽ കടുവയെയും നായയെയും കണ്ടെത്തിയത്. തോട്ടത്തിലെ ചവറും മറ്റും തട്ടുന്നതിനായി കുഴിച്ച കുഴിയാണിത്. നായയുടെ കുര കേട്ടാണ് കുഴിയിലേക്കു നോക്കിയത്. നായയെ ഓടിച്ചു വന്ന വഴിക്കായിരിക്കും കടുവ കുഴിയിലേക്ക് വീണതെന്നാണ് വനം വകുപ്പിന്റെ നിഗമനം. പെരിയാർ കടുവാ സങ്കേതത്തിൽ നിന്നുള്ള മൃഗഡോക്ടർ അടക്കം എത്തിയാണ് വെടിവച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page