തലയില്ലാതെ 17 കാരിയുടെ മൃതദേഹം, ചുരുട്ടിപിടിച്ച കയ്യില്‍ കാമുകന്‍റെ പേര്, മാതാവും അനുജനും അറസ്റ്റിൽ

മീററ്റ്: ഷീറ്റിൽ പൊതിഞ്ഞ് തലയറുത്ത നിലയിൽ 17കാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷ്ക (ആസ്ത) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ തനിഷ്കയുടെ മാതാവ് രാകേഷ് ദേവിയെയും ഇളയ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. തനിഷ്കയുടെ പ്രണയം അറിഞ്ഞതിനു പിന്നാലെയാണ് ദുരഭിമാനക്കൊലയെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് മീററ്റിലെ കനാലിൽനിന്നു തലയറുത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പെൺകുട്ടിയുടെ ചുരുട്ടി പിടിച്ച കയ്യിൽ ഒരാളുടെ പേരും മൊബൈൽ നമ്പറും എഴുതിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ നമ്പറിനു ഉടമയായ ആളെ കണ്ടെത്തി. എട്ടുമാസം മുൻപ് സമൂഹമാധ്യത്തിലൂടെ തനിഷ്ക വികാസ് എന്ന യുവാവിനെ പരിചയപ്പെട്ടിരുന്നു. യുവാവ് തനിഷ്കയുമായി പ്രണയത്തിലായിരുന്നെന്നു പൊലീസ് പറഞ്ഞു. തങ്ങളുടെ ബന്ധത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്നു യുവാവ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചുവരുത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഈ മാസം 4നു അമ്മയും അനിയനും ചേർന്ന് തനിഷ്കയെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ഇതിനു ശേഷം മൃതദേഹത്തിന്റെ തലയറുത്ത്, ഒരു ഷീറ്റിൽ പൊതിഞ്ഞ് ചില ബന്ധുക്കളുടെ സഹായത്തോടെ കനാലിലേക്ക് വലിച്ചെറിഞ്ഞു. തല മറ്റൊരു സ്ഥലത്തു മറവ് ചെയ്തു. തല സംസ്കരിക്കാൻ സഹായിച്ചതിന് ബന്ധുക്കളായ മോനു, കമൽ സിങ്, സമർ സിങ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ ഗൗരവിനായി തിരച്ചിൽ തുടരുന്നു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന അരിവാളും മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോയ വെളുത്ത കാറും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നു പൊലീസ് കണ്ടെടുത്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page