വധുവിന്റെ സഹോദരനെ കൊന്ന് പണം കവർന്ന് മോഷ്ടാക്കൾ: മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി യുപി പൊലീസ്

ലക്നൗ: വധുവിന്റെ സഹോദരൻ മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചതോടെ മുടങ്ങിയ വിവാഹം ഏറ്റെടുത്ത് നടത്തി ഉത്തർപ്രദേശ് പൊലീസ്. ഗോണ്ട ജില്ലയിലെ ധനിപൂർവ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് പൊലീസുകാരുടെ നേതൃത്വത്തിൽ ഉദയകുമാരിയുടെ വിവാഹം നടന്നത്.
മേയിലാണ് ഉദയകുമാരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഏപ്രിൽ 24ന് ഇവരുടെ വീടു കുത്തിതുറന്ന് കൊള്ളയടിച്ച മോഷ്ടാക്കൾ തടയാൻ ശ്രമിച്ച സഹോദരൻ ശിവദീനെ വെടിവച്ചു കൊന്നു. വിവാഹത്തിനായി ശിവദീൻ സ്വരുക്കൂട്ടിയ പണവും ആഭരണങ്ങളും ഇവർ കവർന്നു. ഇതോടെ കല്യാണം മുടങ്ങി.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണവും കൊലയും പതിവാക്കിയ കുറ്റവാളി സംഘമാണ് കൃത്യത്തിനു പിന്നിലെന്ന് കണ്ടെത്തി. 3 പേരെ ഏറ്റുമുട്ടലിൽ വധിച്ചു. മറ്റു 3 പേരെ അറസ്റ്റ് ചെയ്തു.
കുടുംബത്തിനു നീതി ലഭിച്ചെങ്കിലും ഉദയകുമാരിയുടെ വിവാഹത്തെ സംബന്ധിച്ച് അനിശ്ചിതത്വം തുടർന്നു. ഇതോടെ ഇവരുടെ വീട്ടിലെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ സംഘമാണ് വിവാഹത്തിന്റെ മുഴുവൻ ചെലവുകളും ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചത്. ഒപ്പം വിവാഹ ചടങ്ങിലെ അലങ്കാരം മുതൽ മുഴുവൻ കാര്യങ്ങളും പൊലീസ് ഉദ്യോഗസ്ഥർ ഏറ്റെടുത്ത് നടത്തി. വിവാഹ ചെലവുകൾ വഹിച്ചതിനു പുറമെ നവദമ്പതികൾക്കു ആഭരണങ്ങളും വീട്ടു സാമഗ്രഹികളും സമ്മാനമായി നൽകി. പൊലീസ് സൂപ്രണ്ട് വിനീത് ജയ്സ്വാൾ 1.5 ലക്ഷം രൂപയും നൽകി. കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനൊപ്പം ഇരയായവരെ സംരക്ഷിക്കാനും പൊലീസ് പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശം നൽകുകയാണ് വിവാഹം നടത്തിയതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. സഹായത്തിനു നന്ദിയുണ്ടെന്നും കുടുംബാംഗങ്ങളെ പോലെയാണ് പൊലീസുകാർ പെരുമാറിയതെന്നും ഉദയകുമാരിയുടെ പിതാവും പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page