കൊല്ലപ്പെട്ടയാൾ ജീവനോടെ തിരിച്ചെത്തി: ചെയ്യാത്ത കുറ്റത്തിനു 3 വർഷം ജയിലിൽ കഴിഞ്ഞ യുവാവിനു മോചനം

അയോധ്യ: മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട് ട്രെയിനിലുണ്ടായ സംഘർഷത്തിനിടെ കൊല്ലപ്പെട്ടയാൾ 3 വർഷങ്ങൾക്കു ശേഷം തിരിച്ചെത്തി. ഇതോടെ ഇയാളെ കൊലപ്പെടുത്തിയെന്ന കേസിൽ ജയിലിലായിരുന്ന യുവാവിനെ കോടതി കുറ്റവിമുക്തനാക്കി. ഉത്തർപ്രദേശിലെ ബയ്റേലിയിലാണ് വിചിത്രമായ സംഭവം.
2022 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡൽഹി-അയോധ്യ എക്സ്പ്രസിലെ ജനറൽ കോച്ചിൽ യാത്രക്കാർ തമ്മിൽ സംഘർഷം ഉണ്ടായതായി പൊലീസിനു വിവരം ലഭിക്കുകയായിരുന്നു. മൊബൈൽ മോഷണവുമായി ബന്ധപ്പെട്ട സംഘർഷത്തെ തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു ഒരാൾ മറ്റൊരാളെ പുറത്തേക്ക് തള്ളിയിട്ടെന്നായിരുന്നു വിവരം. യാത്രക്കാരിലൊരാൾ സംഭവത്തിന്റെ വിഡിയോ സഹിതം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിൻ ബെയ്റേലി സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ പരിശോധന നടത്തിയ പൊലീസ് അയോധ്യ സ്വദേശി നരേന്ദ്ര ദുബയെ അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ ഇതാബിനെ ഇയാൾ ട്രെയിനിനു പുറത്തേക്കു തള്ളിയിട്ടതായി സഹയാത്രക്കാരുടെ മൊഴി പ്രകാരമായിരുന്നു അറസ്റ്റ്. പിന്നാലെ പാളത്തിനു സമീപം പൊലീസ് ഒരു മൃതദേഹം കണ്ടെത്തി. തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലുള്ള മൃതദേഹം ഇതാബിന്റേതാണെന്ന് കുടുംബം സ്ഥിരീകരിച്ചു. ഇതോടെ ഇതാബിനെ കൊന്ന കുറ്റത്തിനു കോടതി ദുബേയ്ക്കു ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
എന്നാൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വിഡിയോയാണ് സത്യാവസ്ഥ പുറത്തു കൊണ്ടുവന്നത്. ബിഹാറിലെ തന്റെ വീട്ടിൽ ബന്ധുക്കൾക്കൊപ്പം സമയം ചെലവിടുന്ന കൊല്ലപ്പെട്ട ഇതാബ് ആയിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. ഇതോടെ ദുബേയുടെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. വിഡിയോയെക്കുറിച്ച് അന്വേഷിക്കാനും സത്യമാണെങ്കിൽ ഇതാബിനെ നേരിട്ടെത്തിക്കാനും പൊലീസിനു കോടതി നിർദേശം നൽകി. തുടർന്ന് ഇതാബ് കോടതിയിൽ ഹാജരായതോടെയാണ് ദുബേയെ കുറ്റവിമുക്തനാക്കാനും ജയിൽ മോചിതനാക്കാനും കോടതി ഉത്തരവിട്ടത്. എന്നാൽ അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും പിതാവും ബന്ധുക്കളും മൃതദേഹം ഇതാബിന്റേതാണെന്ന് സ്ഥിരീകരിച്ചതാണു കേസിനു കാരണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതു അംഗീകരിച്ച കോടതി ബന്ധുക്കൾക്കു പറ്റിയ തെറ്റിനു അന്വേഷണ ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്താനാകില്ലെന്നും നിരീക്ഷിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page