പട്ന: കടയിൽ നിന്നു ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 5 കുട്ടികളെ നഗ്നരാക്കി കയറു കൊണ്ട് ചേർത്തു കെട്ടി പൊതു നിരത്തിലൂടെ നടത്തിച്ചു. ബിഹാറിലെ സിതമർഹിയിലെ മല്ലാഹി ഗ്രാമത്തിലാണ് ക്രൂരത അരങ്ങേറിയത്.. ഒരു ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു കട ഉടമയുടെ നടപടി. ഇയാളെയും 2 സഹായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചന്ത കൂടുന്ന സമയത്താണ് ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളെ കട ഉടമ പിടികൂടുന്നത്. തുടർന്ന് ബലമായി നഗ്നരാക്കി പൊതു നിരത്തിലൂടെ നടത്തി. ഇവരെ ചെരിപ്പ് കൊണ്ടടിച്ചു. ഇവരുടെയും മാതാപിതാക്കളുടെയും പേര് ഉച്ഛത്തിൽ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാളുടെ നിർദേശ പ്രകാരം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിഡിയോ വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമ പ്രവർത്തകനെതിരെയും കേസെടുത്തത്തായി പൊലീസ് അറിയിച്ചു.







