ആരു ജയിച്ചാലും പുതിയ ചാംപ്യൻ: ഐപിഎല്ലിൽ ഇന്നു ബെംഗളൂരു-പഞ്ചാബ് ഫൈനൽ

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്നു ആവേശകരമായ കലാശ പോരാട്ടം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രാത്രി 7.30ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ഏതു ടീം ജയിച്ചാലും പുതിയ ചാംപ്യൻ പിറക്കുമെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബെംഗളൂരു നാലാമതും പഞ്ചാബ് രണ്ടാമതുമാണ് ഫൈനൽ കളിക്കുന്നത്. ടൂർണമെന്റിൽ ഇതുവരെയും കിരീടം ചൂടാൻ ഇരുടീമുകൾക്കും കഴിഞ്ഞിരുന്നില്ല.ആരാധകരുടെ 18 വർഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കിരീടം ചൂടാമെന്ന പ്രതീക്ഷയിലാണ് ബെംഗളൂരു. സീസണിൽ 614 റൺസ് അടിച്ചുകൂട്ടിയ വിരാട് കോലിയുടെ തകർപ്പൻ ഫോമാണ് ടീമിന്റെ കരുത്ത്. ക്യാപ്റ്റൻ രജത് പടിദാർ, ഫിൽ സാൾട്ട്, ജിതേഷ് ശർമ, ടിം ഡേവിഡ് എന്നിവരുൾപ്പെടുന്ന ശക്തമായ ബാറ്റിങ് നിരയുമുണ്ട്. 21 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽ വുഡാണ് ബൗളിങ്ങിനെ നയിക്കുന്നത്. ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ക്രുണാൽ പാണ്ഡ്യ, സുയാഷ് ശർമ എന്നിവരും അണിനിരക്കുന്ന ബൗളിങ് വിഭാഗം കരുത്തരാണ്. ക്വാളിഫയർ ഒന്നിൽ പഞ്ചാബിനെ തോൽപിച്ചു ഫൈനലിൽ കടന്നതിന്റെ ആത്മവിശ്വാസവും ബെംഗളൂരുവിനുണ്ട്.ക്വാളിഫയർ രണ്ടിൽ കരുത്തരായ മുംബൈയെ തകർത്തതിന്റെ ആവേശത്തിലാണ് പഞ്ചാബ്. 6 അർധസെഞ്ചുറികളുമായി 603 റൺസ് അടിച്ചു കൂട്ടിയ നായകൻ ശ്രേയസ് അയ്യറാണ് പഞ്ചാബിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നത്. മുംബൈയ്ക്കെതിരെ ഉൾപ്പെടെ പ്രകടമായ ശ്രേയസിന്റെ നായക മികവ് തങ്ങളെ ആദ്യ കിരീടത്തിലേക്ക് എത്തിക്കുമെന്ന് ഇവർ വിശ്വസിക്കുന്നു. പ്രഭ്സിമ്രൻ സിങ്, പ്രിയാൻഷ് ആര്യ, ജോഷ് ഇൻഗ്ലിസ്, നേഹാൽ വധേര എന്നിവരും മികച്ച ഫോമിലാണ്. 18 വിക്കറ്റുകൾ വീഴ്ത്തിയ പേസർ അർഷദീപാണ് ബൗളിങ്ങിലെ കുന്തമുന. സ്പിന്നർ യുസ് വേന്ദ്ര ചഹലും യുവ പേസർ വിജയ്കുമാർ വൈശാഖും മികച്ച ഫോമിലാണ്. അഹമ്മദാബാദിലെ പിച്ച് ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്നതാണ്. അതിനാൽ ടോസ് ജയിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. മഴ കാരണം കളി മുടങ്ങിയാൽ റിസർവ് ദിവസമായ ബുധനാഴ്ച മത്സരം നടക്കും. അന്നും കളി നടക്കാതിരുന്നാൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം കണക്കിലെടുത്ത് പഞ്ചാബിനെ വിജയികളായി പ്രഖ്യാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page