ഏറ്റുമുട്ടാൻ മോഹൻലാലും സൂര്യയും നാനിയും ; സൂപ്പർഹിറ്റ് ചിത്രങ്ങൾ ഒടിടിയിലേക്ക്

തിരുവനന്തപുരം: പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒരുപിടി ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിൽ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തുന്നത്.
മോഹൻലാലിനെയും ശോഭനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തരുൺമൂർത്തി സംവിധാനം ചെയ്ത ‘തുടരും’ ബോക്സോഫീസിൽ റെക്കോർഡ് വിജയം നേടിയ ശേഷമാണ് ഒടിടിയിലെത്തുന്നത്. ആഗോളതലത്തിൽ 232.5 കോടി രൂപയുടെ കളക്ഷൻ ചിത്രത്തിനു ലഭിച്ചെന്നാണ് റിപ്പോർട്ട്. കേരള ബോക്സോഫീസിൽ 100 കോടി കളക്ഷൻ നേടുന്ന ആദ്യചിത്രമാണ് തുടരും. 200 കോടി ക്ലബിലെത്തുന്ന മൂന്നാമത്തെ മലയാള സിനിമയും. ജിയോ ഹോട്ട്സ്റ്റാറിൽ വെള്ളിയാഴ്ച മുതൽ ചിത്രം ലഭ്യമാകും.
സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് ഒരുക്കിയ തമിഴ് ചിത്രം ‘റെട്രോ’ മേയ് 31നാണ് ഒടിടിയിലെത്തുക. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീമിങ്. ജോജു ജോർജ്ജും ജയറാമും പൂജ ഹെഗ്ഡേയും ഉൾപ്പെടെ വൻ താരനിര ചിത്രത്തിലുണ്ട്. ബോക്സോഫീസിൽ സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്.
തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ചു. അർജുൻ സർക്കാർ എന്ന പൊലീസ് ഉദ്യോഗസ്ഥനായി നാനി എത്തുന്ന ചിത്രം ബോക്സോഫീസിൽ മികച്ച വിജയം നേടിയിരുന്നു. ജനപ്രിയമായ ഹിറ്റ് സിനിമ സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. തെലുങ്കിനു പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ആസ്വദിക്കാം.
തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ ഉൾപ്പെടെ മനം കവർന്ന തമിഴ് ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. ശശികുമാറും സിമ്രാനും ഒന്നിച്ച ചിത്രത്തിനു തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്നാട്ടിലേക്ക് നുഴഞ്ഞു കയറി അനധികൃതമായി താമസിക്കുന്ന ഒരു ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ജൂൺ രണ്ടിന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page