പാലക്കാട്: കുത്തേറ്റ വയറുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 60 കാരനെ കണ്ട് പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ അമ്പരന്നു. കുത്തിയ ആളെ പിടിച്ച് ഓട്ടോയിലാണ് വയോധികന്‍ ചികിത്സയ്ക്ക് ആശുപത്രിയിലെത്തിയത്. മാട്ടുമന്ത സ്വദേശി കെ.രാധാകൃഷ്ണനാണ് (60) പരുക്കുമായി ആശുപത്രിയിലെത്തിയത്. രാധാകൃഷ്ണനെ കുത്തിപരുക്കേല്‍പ്പിച്ച വടക്കന്തറ സ്വദേശി കൃഷ്ണന്‍കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിനു സമീപമാണ് കത്തിക്കുത്ത് നടന്നത്. മൂത്രമൊഴിക്കാന്‍ ഓട്ടോ ഡ്രൈവറായ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തിനോടു ചേര്‍ന്ന ഒഴിഞ്ഞ സ്ഥലത്തെത്തി. വഴിയോരത്ത് തുണിക്കട നടത്തിയിരുന്ന കൃഷ്ണന്‍കുട്ടി ഇതു ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടായി. ഇവര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ കൃഷ്ണന്‍ കുട്ടി തുണിക്കടയിലേക്കു പോയി കത്തി എടുത്തു കൊണ്ടു വന്ന് രാധാകൃഷ്ണനെ കുത്തി.
കുത്തേറ്റ രാധാകൃഷണന്‍, കൃഷ്ണന്‍ കുട്ടിയെ പിടികൂടി മറ്റൊരു ഓട്ടോ പിടിച്ച് ആശുപത്രിയിലെത്തി. നടന്ന കാര്യങ്ങള്‍ അറിയിച്ചതോടെ ആശുപത്രി അധികൃതര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ വിവരം അറിയിക്കുകയായിരുന്നു. രാധാകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
