കാസർകോട്: സൈക്കിൾ ഓടിക്കുന്നതിനിടെ ചെയിനിൽ കാൽ കുടുങ്ങിയ ആറു വയസ്സുകാരനു രക്ഷകരായത് അഗ്നിരക്ഷാ സേന. തളങ്കര ജദീദ് റോഡിലെ സാലിമിന്റെ മകൻ ഹാത്തിമാണ് സൈക്കിളിൽ നിന്ന് വീണത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടുകൂടി സൈക്കിൾ ഓടിച്ചു കളിക്കുന്നതിനിടയി അബദ്ധത്തിൽ വീഴുകയായിരുന്നു. വീഴ്ചയിൽ ഹാത്തിമിൻ്റെ കാൽ സൈക്കിൾ ചെയിനിൽ കുടുങ്ങുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ദീർഘനേരം കാൽമുട്ട് ഊരിയെടുക്കുവാൻ ശ്രമം നടത്തിയെങ്കിലും പറ്റിയില്ല. തുടർന്ന് അഗ്നി രക്ഷാസേനയെ സമീപിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ സേനയെത്തി.
വേദനകൊണ്ട് പുളയുന്ന കുട്ടിയുടെ കാലിൽ നിന്ന് കട്ടർ ഉപയോഗിച്ച് ചെയിൻ മുറിച്ചുമാറ്റിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാലിന് മുറിവേറ്റതിനെ തുടർന്ന് കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സേനാംഗങ്ങളായ രമേശ എം, രാജേഷ് പി. ടി, അമൽരാജ്, ജിതിൻ കൃഷ്ണൻ കെ വി, വൈശാഖ് എം എ, ഹോം ഗാർഡ് രാജു വി എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
